ഭാനുപ്രിയക്കെതിരായ ബാലപീഡന കേസ്: പെണ്‍കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: നടി ഭാനുപ്രിയക്കെതിരായ ബാലപീഡന കേസില്‍ പുതിയ വഴിത്തിരിവ്. ഭാനുപ്രിയയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്‍കിയ പരാതിയാണ് വഴിത്തിരിവിലേക്ക് നയിച്ചത്. ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചെന്നാണ് പരാതി നല്‍കിയത്.

പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും അമ്മയെ പുഴല്‍ ജയിലിലേക്കും മാറ്റി.ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 25 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുായിരുന്നു പരാതി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ നടി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്ത് വന്നത്.

ഭാനുപ്രിയയ്ക്കരെതിരെ സമാല്‍കോട്ട പൊലീസ് സ്റ്റേഷനിലാണ് അവര്‍ പരാതി നല്‍കിയത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും മകളെ കാണാനോ ഫോണ്‍ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിരുന്നു. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നും അവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയായിരുന്നുവെന്നും ഭാനുപ്രിയ ആരോപിച്ചു. പെണ്‍കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് അവരുടെ മാതാപിതാക്കള്‍ തന്നോട് പറഞ്ഞതെന്നും കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞു.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അറിയിച്ചു.

Top