ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും

jail

തൊടുപുഴ: ജനിച്ച ഉടന്‍ തന്നെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും. ഇടുക്കി വാഗമണ്‍ വില്ലേജില്‍ മൊട്ടക്കുന്ന് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെയാണ് തൊടുപുഴ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷ പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2013 ഒക്ടോബര്‍ 17-നാണ് കേസിനാസ്പദമായ സംഭവം. അടുപ്പത്തിലായ പ്രവീണും വിജീഷയും വിവാഹിതരാകാതെ ഒരു വര്‍ഷം പ്രവീണിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് ആലപ്പുഴയില്‍ നടന്ന സമൂഹവിവാഹത്തില്‍ ഇരുവരും നിയമപരമായി വിവാഹം കഴിച്ചു. അപ്പോള്‍ വിജീഷ പൂര്‍ണ ഗര്‍ഭിണിയായിരുന്നെങ്കിലും ആരെയും അറിയിച്ചിരുന്നില്ല. ഇവര്‍ക്ക് 25000 രൂപയും അഞ്ച് പവനും വസ്ത്രങ്ങളും സമൂഹവിവാഹചടങ്ങില്‍ വെച്ച് ലഭിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ അന്ന് രാത്രി വിജിഷ കുളിമുറിയില്‍ പ്രസവിക്കുകയായിരുന്നു. രക്തസ്രാവംമൂലം അവശയായ വിജീഷയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ പ്രസവിച്ച കാര്യം മനസ്സിലാകുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴുത്തറത്ത് തുണിയില്‍ കെട്ടിയ നിലയില്‍ ഇരട്ടക്കുട്ടികളെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിജീഷയെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ പ്രസവിച്ചിട്ടില്ലെന്നും പൊലീസും ഡോക്ടറും ചേര്‍ന്ന് കുടുക്കിയതാണെന്നുമാണ് വിജീഷ വാദിച്ചത്. എന്നാല്‍ വിജീഷ ഗര്‍ഭിണിയാണെന്ന വിവരം തനിക്കറിയാമായിരുന്നെന്നും ഇവര്‍ക്ക് വണ്ണം കൂടുതലായതിനാല്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു.

Top