കോഴിക്കോട് ഇരട്ടസ്‌ഫോടനം; തടിയന്റവിട നസീറിനെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായിരുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുളള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസില്‍ വിചാരണ കോടതി ചുമത്തിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. 2 പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി.

വിചാരണ കോടതി നടപടിക്കെതിരെ ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷിഫാസുമാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കേസില്‍ നിരപരാധികളായതിനാല്‍ യുഎപിഎ അടക്കമുളള കുറ്റങ്ങള്‍ നിലനല്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

കേസില്‍ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലും ഇന്ന് ഹൈക്കോടതി വിധി പറയും. കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ തടിയന്റവിട നസീറിനെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും വാക്കാലത്ത് ഒപ്പിട്ട ശേഷം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് തരിച്ചയക്കുകയായിരുന്നു.
2011 ലാണ് ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 2006 മാര്‍ച്ച് 3നാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസിള്‍ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനമുണ്ടായത്. കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് എന്‍ഐഎയും ഏറ്റെടുക്കുകയായിരുന്നു.

ആകെ ഒമ്ബത് പ്രതികളാണ് കേസിലുളളത്. ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണകാലയളവില്‍ മരിച്ചിരുന്നു. കേസില്‍ തടിയന്റെവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്.

Top