ട്വന്‍റി 20 ലോകകപ്പ് ; സെലക്‌ടര്‍മാരെ പുറത്താക്കി ബിസിസിഐ

മുംബൈ: ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിയില്‍ സീനിയർ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടേയും കസേര തെറിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്തായതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ക്ഷണിക്കുന്നതായി ബിസിസിഐ അറിയിക്കുകയായിരുന്നു.

ഇത്തവണ മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ടീം ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ പ്രാപ്തിയുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്കായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ടീം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ഏഷ്യാ കപ്പ് തോല്‍വിയും സെലക്ടർമാർക്ക് പാരയായി. ചെയർമാന്‍ ചേതന്‍ ശർമ്മയ്ക്ക് പുറമെ സുനില്‍ ജോഷി, ഹർവീന്ദർ സിംഗ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്.

പുരുഷ സീനിയര്‍ ടീമിന്‍റെ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. എന്നാല്‍ ബിസിസിഐയുടെ ട്വീറ്റില്‍ എവിടെയും ചേതന്‍ ശർമ്മയേയും സംഘത്തേയും പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളുടെ ഒഴിവാണുള്ളത്. അഞ്ച് വർഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമേ ചുമതലകളിലേക്ക് പരിഗണിക്കൂ. ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവർക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുക. മറ്റ് കമ്മിറ്റികളിലൊന്നും അംഗമായുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്

Top