ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര; രണ്ടാം മത്സരം ഇന്ന്

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. ധാക്കയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി 20 പതിമൂന്നാം തിയതി ധാക്കയില്‍ നടക്കും. രണ്ടാം ടി20യിലും മലയാളി താരം മിന്നു മണി കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി വിട്ടുകൊടുത്ത ശേഷം മിന്നു വിക്കറ്റുമായി തിരിച്ചടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ ജയിച്ചത്. ആദ്യ മത്സരത്തില്‍ മിന്നുവിന് ബാറ്റിംഗിന് ഇറങ്ങാനായിരുന്നില്ല.

ഷെഫാലി വര്‍മ്മ, സ്മൃതി മന്ഥാന, ജെമീമ റെഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്യ, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ബരെഡ്ഡി അനുഷ, മിന്നു മണി, ദേവിക വൈദ്യ, സബിനേനി മേഘ്ന, മേഘ്ന സിംഗ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റഷി കനോജിയ, ഉമാ ഛേട്രി എന്നിവരാണ് ഇന്ത്യന്‍ സ്‌ക്വാഡ്. മത്സരം രണ്ടാം ടി20 ഇന്ത്യയില്‍ ടെലിവിഷനിലൂടെ തല്‍സമയം കാണാനാവില്ല. മത്സരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലൈവായി കാണാം.

ബംഗ്ലാദേശിനെതിരെ ആദ്യ ട്വന്റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ധാക്കയില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി.

Top