അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ട്വന്റി ട്വന്റി

അരിക്കൊമ്പന്‍ കാട്ടാനയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ആനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനൊപ്പം തമിഴ്‌നാട് സര്‍ക്കാറിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നല്‍കണം എന്നുള്ളതാണ് പ്രധാന ആവശ്യം. തുമ്പികൈക്ക് മുറിവേറ്റ കാട്ടാനയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അതേസമയം കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

കമ്പം സ്വദേശി പാല്‍രാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാല്‍രാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രികനായിരുന്നു പാല്‍രാജ്. അരിക്കൊമ്പന്റെ ആക്രമണത്തിനിടെ ഇയാള്‍ ബൈക്കില്‍ നിന്നു വീണ് തലയില്‍ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് പാല്‍രാജ് മരിച്ചത്.

 

Top