തരംഗം തീർത്ത് ട്വന്റി ട്വന്റി

കൊച്ചി : കൊച്ചി കിഴക്കമ്പലത്ത് തരംഗമായി വീണ്ടും ട്വന്റി ട്വന്റി. കിഴക്കമ്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളാണ് ട്വന്റി ട്വന്റി പിടിച്ചെടുത്തത്. കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി ട്വന്റി, ഐക്കരനാട് പഞ്ചായത്ത് തൂത്തുവാരി. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മ വന്‍ വിജയം നേടി ഭരണത്തിലെത്തി. രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും 10 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും സ്വന്തമാക്കിയതും ട്വന്റി ട്വന്റിയുടെ വിജയത്തിന്റെ മാറ്റുകൂട്ടി.

വോട്ടെടുപ്പു ദിനത്തില്‍ സംഘര്‍ഷമുണ്ടായ കിഴക്കമ്പലം ഏഴാം വാര്‍ഡില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംയുക്ത സ്ഥാനാര്‍ത്ഥിയെ 200ല്‍ അധികം വോട്ടുകള്‍ക്കാണ് ട്വന്റി ട്വന്റി മലര്‍ത്തിയടിച്ചത്. ഐക്കരനാടിനു പുറമെ ട്വന്റി ട്വന്റി ആദ്യമായി മത്സരരംഗത്തെത്തിയ മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും വെന്നിക്കൊടി പാറിച്ചു. മഴുവന്നൂരില്‍ 19ല്‍ 14ഉം കുന്നത്തുനാട് പഞ്ചായത്തില്‍ 19ല്‍ 11 വാര്‍ഡുകളും നേടിയാണ് ട്വന്റി ട്വന്റി ഭരണം പിടിച്ചത്. ഇതിന് പുറമെ മല്‍സരിച്ച വെങ്ങോല പഞ്ചായത്തില്‍ ട്വന്റി ട്വന്റി നിര്‍ണായക ശക്തിയായി. ആകെയുള്ള 23ല്‍ 11 സീറ്റില്‍ മത്സരിച്ച ജനകീയ കൂട്ടായ്മ ഏഴിടത്ത് ജയിച്ചു.

Top