twenty 20

ന്യൂഡല്‍ഹി: ആദ്യ ലോകകിരീടം തേടിയുള്ള യാത്രയില്‍ ന്യൂസീലന്‍ഡിന് ഇനി ഇംഗ്ലീഷ് പരീക്ഷണം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ബുധനാഴ്ച ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍, കിവികള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ടൂര്‍ണമെന്റില്‍ ഇതേവരെ ഒരു മത്സരവും തോല്‍ക്കാത്ത ടീം. ഇംഗ്ലണ്ടിനെക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണ് ന്യൂസീലന്‍ഡ്. വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഇന്ത്യ മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെ നേരിടും.

ലോകകപ്പില്‍ അപരാജിതരായി സെമിയിലെത്തിയ ഏക ടീമാണ് ന്യൂസീലന്‍ഡ്. ഇന്ത്യയെയും ഓസ്‌ട്രേലിയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും തോല്‍പിച്ച അദ്ഭുതക്കുതിപ്പ്. മറുഭാഗത്ത് ഇംഗ്ലണ്ട് കയറ്റിറക്കങ്ങളിലാണ്. വെസ്റ്റിന്‍ഡീസിനോട് തോറ്റു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചു. ശ്രീലങ്കയോടും അഫ്ഗാനിസ്താനോടും ജയിച്ചു.

2008 മുതല്‍ 2013 വരെ തുടര്‍ച്ചയായി ആറുതവണ ന്യൂസീലന്‍ഡിനെ ട്വന്റി 20 യില്‍ തോല്‍പിച്ച ടീമാണ് ഇംഗ്ലണ്ട്. ഇക്കുറി ലോകകപ്പിന് മുമ്പ് മുംബൈയില്‍ നടന്ന സന്നാഹമത്സരത്തിലും ഇംഗ്ലണ്ട് വിജയിച്ചു. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത് 13 തവണ. എട്ടുതവണയും വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഒരു മത്സരം ഫലമില്ലാതെ കലാശിച്ചു.

Top