ഇനി രാജ്യം ഭരിക്കാൻ കോർപ്പറേറ്റുകൾ തീരുമാനിച്ചാൽ എന്താകും അവസ്ഥ . . ?

കോര്‍പ്പറേറ്റുകളാണോ ഇനി നമ്മളെ ഭരിക്കേണ്ടത് എന്ന വലിയ ചോദ്യമാണ് കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് വീണ്ടും ഉയര്‍ത്തുന്നത്. ഈ കോര്‍പ്പറേറ്റ് സ്ഥാപനം മുന്‍കൈ എടുത്ത് രൂപീകരിച്ച ട്വന്റി ട്വന്റി 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 19-ല്‍ 17 സീറ്റും തൂത്ത് വാരിയാണ് അധികാരത്തില്‍ വന്നത്.

2012-ല്‍ കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ ഉയര്‍ന്ന മലിനീകരണ പ്രശ്‌നത്തെ തുടര്‍ന്ന് കമ്പനിയുടെ ലൈസന്‍സ് പുതുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകാതിരുന്നതാണ് സമാന്തര ഭരണ സംവിധാനം കൊണ്ടുവരുവാന്‍ കിറ്റെക്‌സ് ഗ്രൂപ്പിനെ പ്രേരിപ്പിച്ചിരുന്നത്. 2013 ല്‍ കമ്പനിയുടെ മാനേജിംങ് ഡയറക്ടര്‍ സാബു എം ജേക്കബ് പ്രസിഡന്റായും അദ്ദേഹത്തിന്റെ സഹോദരന്‍ ബോബന്‍ ജേക്കബ് ചെയര്‍മാനായുമാണ് ട്വന്റി ട്വന്റി എന്ന ചിരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരുന്നത്. ഇത് പിന്നീട് സ്വതന്ത്ര ‘രാഷ്ട്രീയ’ രൂപം കൈവരിക്കുകയായിരുന്നു.മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ക്കും അപ്പുറം പ്രവര്‍ത്തിച്ച് കാണിച്ചാണ് ട്വന്റി ട്വന്റി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനായി കോര്‍പ്പറേറ്റ് കമ്പനി വന്‍ പണമാണ് ഒഴുക്കിയത്. 2013 മുതല്‍ 2015 വരെ മാത്രം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2 കോടി രൂപ കമ്പനി ചിലവഴിച്ചിരുന്നു. ഈ വികസന നേട്ടങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.

യു.ഡി.എഫ് ഭരണത്തിന്‍ കീഴിലായ പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടുകളാണ് ട്വന്റി ട്വന്റിയുടെ രൂപീകരണത്തില്‍ കലാശിച്ചത് . ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന പാവം ജനങ്ങള്‍ ഈ കോര്‍പ്പറേറ്റ് കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണു പോയതും സ്വാഭാവികമാണ്. രാഷ്ടീയ കേരളത്തെയാകെ ഞെട്ടിച്ച വിധിയെഴുത്താണ് 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുനര്‍വിചിന്തനം നടത്താന്‍ പ്രേരകമാകുന്ന ഒരു വിധിയെഴുത്ത് കൂടിയാണിത്. എങ്ങനെ ജനങ്ങളോടും പെരുമാറണം. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം, അവ ലഭ്യമാക്കി കൊടുക്കണം എന്നത് കിഴക്കമ്പലം നല്‍കുന്ന പാഠമാണ്. ഇവിടെ ചില രാഷ്ട്രീയക്കാരുടെ തല തിരിഞ്ഞ നയമാണ് കോര്‍പ്പറേറ്റുകള്‍ക്ക് വളമായത്. ഒരു ലൈസന്‍സ് കിട്ടിയില്ലങ്കില്‍, അതുമല്ലെങ്കില്‍ തങ്ങള്‍ വിചാരിച്ചത് നടന്നില്ലങ്കില്‍ രാഷ്ട്രിയ സംവിധാനത്തെ തന്നെ തകിടം മറിച്ചു കളയുമെന്ന മുന്നറിയിപ്പ് ഏറെ അപകടകരമാണ്.

നാളെ റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും രത്തന്‍ ടാറ്റക്കും ഉള്‍പ്പെടെ ഒരാഗ്രഹം തോന്നിയാല്‍ പിടിച്ചടുക്കാന്‍ പറ്റുന്നതാണ് രാജ്യത്തെ ഭരണമെന്ന അവസ്ഥ ജനാധിപത്യ പ്രക്രിയ തന്നെ ഇല്ലാതാക്കുന്നതാകും. കോര്‍പ്പറേറ്റു ഭരണത്തിലേക്ക് രാജ്യം പോയാല്‍ എന്താകും അവസ്ഥ എന്നത് ചിന്തിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല.ഇപ്പോള്‍ തന്നെ കോര്‍പ്പറേറ്റുകള്‍ ഭരണത്തില്‍ ഇടപെടുന്നതിന്റെ അനന്തര ഫലങ്ങള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഗുണമുള്ളതെന്തും ജനാധിപത്യത്തില്‍ സാധൂകരിക്കപ്പെടും എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ തോമസ് ജേക്കബിനെ മുന്‍ നിര്‍ത്തി ലോകസഭ തിരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി ഒരു കൈ നോക്കുന്നത്.ഐ.പി.എസ് പദവി രാജിവച്ചാണ് ചാലക്കുടിയില്‍ മത്സരിക്കാന്‍ ജേക്കബ് തോമസും തയ്യാറാകുന്നത്.

കിഴക്കമ്പലത്ത് നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള ട്വന്റി ട്വന്റിയുടെ ഈ നീക്കം അവരുടെ കോര്‍പ്പറേറ്റ് താല്‍പ്പര്യം പ്രകടമാക്കുന്നതാണ്. ഭരണ കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമാവുക എന്നത് മാത്രമല്ല, മറ്റു ചില രാഷ്ട്രിയ ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട് എന്ന് വ്യക്തം. അത് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വ്യക്തവുമാണ്.സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സംസ്ഥാന ഭരണകൂടത്തെ തന്നെയാണ് ഒരര്‍ത്ഥത്തില്‍ ഈ കോര്‍പ്പറേറ്റ് സംഘം വെല്ലുവിളിക്കുന്നത്. ജേക്കബ് തോമസിന് ഐ.പി.എസ് പദവി രാജി വയ്ക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ഹിഡന്‍ അജണ്ട നടപ്പാക്കാനും ജേക്കബ് തോമസിന് പക വീട്ടാനുള്ള അവസരമായുമാണ് ട്വന്റി ട്വന്റി ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

ആത്മാര്‍ത്ഥമായും ജന സേവനം മുന്‍ നിര്‍ത്തിയാണ് മത്സരിക്കുന്നത് എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അതല്ലങ്കില്‍ മറ്റു പലര്‍ക്കും മേല്‍ ആരോപിക്കും പോലെ നിങ്ങളുടെ മേലും സങ്കുചിത താല്‍പ്പര്യം ആരോപിക്കപ്പെടുക തന്നെ ചെയ്യും. മൃഗീയ ഭൂരിപക്ഷത്തിന് കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ച ട്വന്റി ട്വന്റി ടീമില്‍ നിന്നും രാജിവച്ച ഭരണ സമിതി അംഗം പറഞ്ഞ വാക്കുകള്‍ ജേക്കബ് തോമസും ഇനി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.കിറ്റെക്‌സ് നേതൃത്വവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നുമാണ് രാജിവെച്ച എം.വി ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചിരുന്നത്.

വികസനത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ പോലും ജനാധിപത്യ രീതിയില്‍ ചിലവഴിക്കാന്‍ സാധിക്കുന്നില്ലന്നും അദ്ദേഹം ആരോപിക്കുന്നു. ട്വന്റി ട്വന്റി കൂട്ടായ്മയില്‍ ഇല്ലാത്തവരുടെ വീടുകളില്‍ നടക്കുന്ന വിവാഹം, മറ്റു ആഘോഷങ്ങള്‍ ,മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും കര്‍ശനമായ നിലപാടാണത്രെ സാബു ജേക്കബ് പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പൊതു പരിപാടികളില്‍ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളാ പങ്കെടുക്കുന്നുണ്ടെങ്കില്‍ ട്വന്റി ട്വന്റി പ്രതിനിധികള്‍ പങ്കെടുക്കാന്‍ പാടില്ലന്ന നിര്‍ദ്ദേശമുണ്ടെന്നും രാജിവെച്ച ജോര്‍ജ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സങ്കുചിത താല്‍പ്പര്യമുള്ള നേതൃത്വത്തിന് കീഴില്‍ മത്സരിക്കുന്ന ജേക്കബ് തോമസിനും ഈ നിയമങ്ങള്‍ ഒക്കെ ഇനി ബാധകമാകുമെന്നു കൂടി തിരിച്ചറിയുന്നത് നല്ലതാണ്. അത് വിജയമെന്ന സ്വപ്ന ലോകത്തല്ല, സ്ഥാനാര്‍ത്ഥിയെന്ന യാഥാര്‍ത്ഥ്യത്തിലും വിലക്ക് വിലക്ക് തന്നെ ആവാനാണ് സാധ്യത.

Top