കേരളത്തില്‍ 12 ഭീകരര്‍ എത്തിയെന്ന്, കര്‍ണാടകയില്‍ അതീവ ജാഗ്രത

ബംഗളൂരു: കേരളതീരത്തേക്കു 12 ഭീകരര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. കര്‍ണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു വരികയാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.

”ചിലതു തുറന്നു പറയാനാകില്ല. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ എന്‍ഐഎയ്‌ക്കൊപ്പം കര്‍ണാടക പൊലീസും ജാഗരൂകരാണ്.”- മുഖ്യമന്ത്രി പറഞ്ഞു.

സംശയം തോന്നിയതിന്റെ പേരില്‍ എന്‍ഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിലേക്കു പോകുന്നതിന് രണ്ടു ബോട്ടുകളിലായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായാണ് കര്‍ണാടക പൊലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടല്‍മാര്‍ഗമാണ് ഇവര്‍ ആലപ്പുഴയിലെത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കി.

 

Top