പുത്തന്‍ അപ്പാഷെ ആര്‍ആര്‍ 310 അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ബിഎസ് 6 പാലിക്കുന്ന അപ്പാഷെ ആര്‍ആര്‍ 310 മോഡല്‍ 2020 ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചെറിയ പരിഷ്‌ക്കാരങ്ങളോടെ അപ്പാഷെ 310 നെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടിവിഎസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 30 ന് ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ (MMRT) പുതിയ മോഡല്‍ പുറത്തിറക്കുമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎംആര്‍ടിയില്‍ കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിളാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള റൈഡിംഗ് നിലവാരം മെച്ചപ്പെടുത്തും. എന്നാല്‍ സാധ്യമായ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പുതുക്കിയ Apache RTR 200 4V പതിപ്പ് പരിചയപ്പെടുത്തിയ രീതിയിലുള്ള സമാനമായ പരിഷ്‌ക്കാരങ്ങള്‍ തന്നെയാകും സ്പോര്‍ട്‌സ് ടൂററിലേക്കും എത്തുക.

പുതിയ മോട്ടോര്‍സൈക്കിളിന് മുന്‍വശത്തെ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളില്‍ പ്രീലോഡ് ക്രമീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സവാരി സുഖത്തിനും ശൈലിക്കും അനുസൃതമായി സസ്പെന്‍ഷന്‍ സജ്ജീകരണം ട്യൂണ്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് ഈ കൂട്ടിച്ചേര്‍ക്കല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ കളര്‍ ഓപ്ഷനും ബൈക്കിന് ലഭിച്ചേക്കാം. ബിഎസ്-VI പരിഷ്‌ക്കരണത്തില്‍ കൂട്ടിച്ചേര്‍ത്ത ടിവിഎസ് സ്മാര്‍ട്ട് എക്സ്‌കണക്ട് എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം സംയോജിപ്പിച്ച 5.0 ഇഞ്ച് പുതിയ ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ അതേപടി നിലനിര്‍ത്താനായിരിക്കും കമ്പനിയുടെ തീരുമാനം.

റൈഡറിന്റെ മുന്‍ഗണന അനുസരിച്ച് നിയന്ത്രണങ്ങള്‍ മാറ്റുന്നതിന് Apache RR310 പതിപ്പിന്റെ ലിവര്‍ സ്പാന്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് നവീകരിച്ചേക്കാം. കൂടാതെ എഞ്ചിനും ചെറുതായൊന്ന് മിനുക്കാന്‍ സാധ്യത തെളിയുന്നുണ്ട്. നിലവില്‍ 313 സിസി, റിവേഴ്‌സ്-ഇന്‍ക്ലൈന്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, DOHC എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. ഇപ്പോള്‍ 34 bhp കരുത്തില്‍ 27.3 Nm torque ഉത്പാദിപ്പിക്കാനാണ് എഞ്ചിന്‍ പ്രാപ്തമാക്കിയിരിക്കുന്നത്. റീട്യൂണ്‍ ചെയ്തായിരിക്കും ഉയര്‍ന്ന പവര്‍ കണക്കുകള്‍ ബൈക്കിലേക്ക് എത്തിക്കുക.

ഇപ്പോള്‍ Apache RR 310 സ്‌പോര്‍ട്ട്, അര്‍ബന്‍, ട്രാക്ക്, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകളോടെയാണ് വിപണിയിലെത്തുന്നത്. അര്‍ബന്‍, റെയിന്‍ എന്നിവയുടെ നിലവിലെ റൈഡ് മോഡുകള്‍ക്ക് കൃത്യമായ എഞ്ചിന്‍ മാപ്പിംഗ് ഇല്ലെന്നതാണ് അതിലെ പ്രധാന പോരായ്മ. ഇത് സിറ്റി യാത്രകള്‍ക്ക് ആവശ്യമായ ലോ-എന്‍ഡ് ടോര്‍ഖ് നല്‍കുന്നില്ല എന്ന പ്രശ്നം പരിഹരിച്ചാല്‍ കൂടുതല്‍ സമയത്തും മോട്ടോര്‍സൈക്കിള്‍ ഉയര്‍ന്ന ഗിയറില്‍ ഓടിക്കുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും സഹായകരമാകും.

2021 അപ്പാച്ചെ TVS Apache RR 310 സ്പോര്‍ട്‌സ് ടൂററിന് പുതിയ ടയറുകളും ലഭിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ടയറുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള പുതിയ നിയമം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലില്‍ മിഷേലിന്‍ റോഡ് 5 ടയറുകളാണ് TVS വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ മോഡലിന് ടിവിഎസ് യൂറോഗ്രിപ് പ്രോട്ടോര്‍ക്ക് എക്‌സ്ട്രീം ടയറുകള്‍ ലഭിക്കാനാണ് സാധ്യത.

ഈ ടയറുകള്‍ മിഷേലിനേക്കാള്‍ വില കുറഞ്ഞതാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ 2.50 ലക്ഷം രൂപയാണ് സൂപ്പര്‍സ്പോര്‍ട്ട് മോഡലിന്റെ എക്‌സ്‌ഷോറൂം വില. ഇതില്‍ നിന്നും പുതുക്കിയ 2021 TVS Apache RR 310 മോട്ടോര്‍സൈക്കിളിന് 5,000 മുതല്‍ 6,000 രൂപ വരെ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

 

Top