ടിവിഎസിന്റെ ക്രൂയിസര്‍ കണ്‍സെപ്റ്റ് സെപ്ലിന്‍ ഇനി റോനിന്‍

ന്ത്യയിലെ മുന്നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസ് കൂടുതല്‍ മോഡലുകള്‍ എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ബിഎംഡബ്ല്യു ജി310-ന്റെ പ്ലാറ്റ്‌ഫോമിലെത്തുന്ന ആര്‍ആര്‍ 310-ന്റെ നേക്കഡ് പതിപ്പും ക്രൂയിസര്‍ ശ്രേണിയിലെത്താനൊരുങ്ങുന്ന സെപ്ലിനുമാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇപ്പോഴിതാ സെപ്ലിന്‍ എന്ന കണ്‍സെപ്റ്റിന് റോനിന്‍ എന്ന് പേരുനല്‍കുമെന്നാണ് സൂചന.

ജാപ്പനീസ് സൈനികവിഭാഗമായിരുന്ന സാമുറായിയില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവമെന്നാണ് സൂചന. ഈ പേര് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ സുസുക്കി സ്വീകരിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സ്‌പോര്‍ട്ടി രൂപമാണ് സെപ്ലിന്‍ ക്രൂയിസര്‍ കണ്‍സെപ്റ്റിനുള്ളത്. പ്രൊഡക്ഷന്‍ സ്‌പെക്കിനും വലിയ മാറ്റമുണ്ടാവില്ല. 220 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 48വി ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് 220 സിസി എഞ്ചിന് വേണ്ട ശക്തി നല്‍കുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇരുപതു ശതമാനത്തോളം അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ മോട്ടോറിന് കഴിയും.

220 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനൊപ്പമുള്ള ഇബൂസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ടിവിഎസിന്റെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സംവിധാനവും ഈ ക്രൂയിസറില്‍ പരിചയപ്പെടുത്തിയിരുന്നു.

മാറ്റ് ബ്ലാക്ക്, റസ്റ്റിക് ബ്രൗണ്‍ എന്നീ നിറങ്ങളിലാണ് സെപ്ലിന്‍ അവതരിപ്പിച്ചിരുന്നത്. അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ഒതുങ്ങിയ ഹെഡ്‌ലൈറ്റ് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്.

ഭാരം കുറഞ്ഞ ട്യൂബ്ലെസ് സ്‌പോക്ക് വീലുകള്‍, 41 മില്ലിമീറ്റര്‍ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയും ഇതിലുണ്ട്. എല്‍.ഇ.ഡി ലൈറ്റുകളാണ് മുഴുവനായുമുള്ളത്. സ്മാര്‍ട്ട് ബയോകീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളും ഈ വാഹനത്തിലുണ്ട്.

Top