പുതിയ രണ്ട് നിറപ്പതിപ്പുകളില്‍ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍

ടിവിഎസിന്റെ 110 സിസി ബൈക്കായ റേഡിയോണിന് ഇനി മുതല്‍ രണ്ട് പുത്തന്‍ നിറപ്പതിപ്പുകള്‍ കൂടി. വോള്‍ക്കാനോ റെഡ്, ടൈറ്റാനിയം ഗ്രെയ് എന്നീ നിറപ്പതിപ്പുകളിലാണ് ടിവിഎസ് റേഡിയോണ്‍ പുറത്തിറങ്ങുക. 50,070 രൂപയാണ് ദില്ലി എക്സ്ഷോറൂമില്‍ ബൈക്കിന്റെ വില. പുതിയ രണ്ട് നിറങ്ങളില്‍ കൂടാതെ വൈറ്റ്, ബ്ലാക്ക്, ബീജ്, പര്‍പ്പിള്‍ എന്നീ പെയിന്റ് സ്‌കീമുകളില്‍ കൂടി റേഡിയോണ്‍ ലഭ്യമാണ്.

109.7 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റേഡിയോണിന്റെ ഹൃദയം. ഇത് 7,500 rpm -ല്‍ 9.5 bhp കരുത്തും 5,000 rpm -ല്‍ 8.7 Nm torque ഉം പരമാവധി സൃഷ്ടിക്കും. ലിറ്ററിന് 69.3 കിലോമീറ്റര്‍ മൈലേജാണ് റേഡിയോണ്‍ നല്‍കുന്നത്.

പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.34 സെക്കന്‍ഡുകള്‍ മാത്രം മതി റേഡിയോണിന്. സിങ്ക് ബ്രേക്കിംഗ് സാങ്കേതികതയോടെയുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ടിവിഎസ് റേഡിയോണിനുള്ളത്.

180 mm ഗ്രൗണ്ട് ക്ലിയറന്‍സും 1265 mm വീല്‍ബേസും ശ്രേണിയില്‍ റേഡിയോണിന് മുന്‍തൂക്കം നല്‍കുന്നു. 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ തന്നെ ഏറ്റവും വലിയ സീറ്റാണ് റേഡിയോണ്‍ അവകാശപ്പെടുന്നത്.

Top