5 മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം; ടി.വി.എസ് ഐക്യൂബ് ഇ-സ്‌കൂട്ടര്‍

ടി.വി.എസ്. നിര്‍മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് ഡല്‍ഹിയില്‍ അവതരിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് ഇത് വില്‍പ്പനയ്‌ക്കെത്തുക. 1.08 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം ഡല്‍ഹി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടി.വി.എസിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇവിടെ അവതരിപ്പിക്കുന്നത്. പുതുതലമുറ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുമായാണ് ടി.വി.എസ് ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് എക്‌സോനെക്ട് പ്ലാറ്റ്‌ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പും ഇതില്‍ നല്‍കിയിട്ടുണ്ട്. റെഗുലര്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനിങ്ങ് ശൈലിയിലാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ബോഡി, വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, ടേണ്‍ ഇന്റിക്കേറ്റര്‍ എന്നിവ ചേര്‍ന്നതാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ്.

4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്‌പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

Top