എന്‍ടോര്‍ക് 125 റെയ്സ് XP അവതരിപ്പിച്ച് ടിവിഎസ്

2018ലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി 125 സിസി സ്‌കൂട്ടര്‍ സെഗ്മെന്റിലെ തങ്ങളുടെ താരം എന്‍ടോര്‍ക് 125യെ വിപണിയിലെത്തിച്ചത്. സ്പോര്‍ട്ടി ശരീരഭാഷയുമായി എത്തിയ എന്‍ടോര്‍ക് 125ന് മികച്ച പ്രതികരണം ലഭിച്ചതോടെ സ്‌പോര്‍ട്ടിനെസ്സ് അല്പം കൂടെ കൂട്ടി എന്‍ടോര്‍ക് 125 റേസ് എഡിഷന്‍ അവതരിപ്പിച്ചു. ഒന്ന് പരിശ്രമിച്ചാല്‍ ടിവിഎസ്സിന് എന്‍ടോര്‍ക് 125യുടെ സ്പോര്‍ട്ടി ലുക്ക് ഇനിയും വര്‍ദ്ധിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്കുള്ളതാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന എന്‍ടോര്‍ക് 125 റെയ്സ് XP.

റേസിംഗ് ബൈക്കുകള്‍ അനുസ്മരിപ്പിക്കുന്ന ട്രൈകളര്‍ ലിവെറി (വെളുപ്പ്, ഗ്രേ, ചുവപ്പ്), കാറോട്ട മത്സരങ്ങളില്‍ വീശുന്ന ചെക്കേര്‍ഡ് ഫ്‌ലാഗിനോടു സാമ്യം തോന്നിക്കുന്ന ഗ്രാഫിക്സും, ചുവപ്പ് നിറത്തിലുള്ള അലോയ് വീലുകളുമായി ലുക്കില്‍ തന്നെ സ്‌പോര്‍ട്ടിയാണ് എന്‍ടോര്‍ക് 125 റെയ്സ് XP. അതെ സമയം എന്‍ജിനിലും ടിവിഎസ് മാറ്റം വരുത്തിയിട്ടുണ്ട്. മറ്റുള്ള എന്‍ടോര്‍ക് 125 മോഡലുകളെ ചലിപ്പിക്കുന്ന 125 സിസി CVTi-Revv, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് എന്‍ടോര്‍ക് 125 റെയ്സ് XP പതിപ്പിലും. പക്ഷെ 0.8 എച്പി പവറും, 0.3 എന്‍എം ടോര്‍ക്കും വര്‍ദ്ധിപ്പിച്ച് 7,000 ആര്‍പിഎമ്മില്‍ 10.2 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.8 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ എന്‍ടോര്‍ക് 125 റെയ്സ് XP പതിപ്പില്‍ നിര്‍മിക്കുക. മറ്റുള്ള എന്‍ടോര്‍ക് 125 മോഡലുകളേക്കാള്‍ റെയ്സ് XP പതിപ്പിന് ഭാരം കുറഞ്ഞതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റെയ്സ്, സ്ട്രീറ്റ് മോഡുകളാണ് എന്‍ടോര്‍ക് 125 റെയ്സ് XP പതിപ്പിന്റെ മറ്റൊരു ആകര്‍ഷണം. റെയ്സ് മോഡില്‍ വാഹനത്തിന്റെ പരമാവധി പെര്‍ഫോമന്‍സ് പുറത്തെടുക്കുമ്പോള്‍ നഗരയാത്രകള്‍ക്ക് അനുയോജ്യമായ സ്ട്രീറ്റ് മോഡില്‍ ഇന്ധന ഉപപഭോഗം കുറവാണ്.

കൂടിയ പവറും, ഭാരക്കുറവും എന്‍ടോര്‍ക് 125 റെയ്സ് XPയുടെ പെര്‍ഫോമന്‍സിലും പ്രതിഫലിക്കും. മണിക്കൂറില്‍ 98 കിലോമീറ്റര്‍ ആണ് എന്‍ടോര്‍ക് 125 റെയ്സ് XPയുടെ പരമാവധി വേഗത. മറ്റുള്ള പതിപ്പുകള്‍ക്ക് ഇത് 95kmph ആണ്.

കമ്പനിയുടെ Smartxonnect കണക്റ്റ് മൊബൈല്‍ ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസും എന്‍ടോര്‍ക് 125 റെയ്സ് XPയ്ക്കായി ടിവിഎസ് പരിഷ്‌കരിച്ചിട്ടുണ്ട്. വോയിസ് അസിസ്റ്റ് ഫീച്ചറാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. നാവിഗേഷന്‍ ഓണ്‍ ചെയ്യുന്നത് മുതല്‍ മോഡുകള്‍ മാറ്റുന്നത് വരെയുള്ള 15 വ്യത്യസ്ത വോയ്സ് കമാന്‍ഡുകള്‍ ഈ ഫീച്ചര്‍ സ്വീകരിക്കും. 83,275 രൂപയാണ് ടിവിഎസ് എന്‍ടോര്‍ക് 125 റെയ്സ് XPയുടെ എക്സ്-ഷോറൂം വില.

 

Top