തമിഴകം കത്തുന്നു, കലി തുള്ളി കാക്കിപ്പട, സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന്

Anti-Sterlite protest,

ചെന്നൈ: തൂത്തുക്കുടിയില്‍ തുടങ്ങിയ ആക്രമണ പരമ്പര തമിഴകത്ത് പടര്‍ന്ന് വന്‍ സംഘര്‍ഷമായി മാറുന്നു. തൂത്തുക്കുടിയില്‍ ഇന്നും പൊലീസ് വെടിവയ്പുണ്ടായി ഒരാള്‍ സംഭവസ്ഥലത്ത് തന്നെ പിടഞ്ഞ് മരിച്ചു.

സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണ ശാലക്ക് എതിരായ സമരത്തിനു നേരെ നടന്ന വെടിവയ്പ്പില്‍ ഇതിനകം തന്നെ 12 പേര്‍ തമിഴകത്ത് വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇന്നും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ജനങ്ങളും പൊലീസും ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ തൂത്തുക്കുടി എസ്.പി മഹീന്ദ്രനും ഉള്‍പ്പെടുന്നു അണ്ണാ നഗറിലും പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.

കടകളെല്ലാം അടഞ്ഞുകിടക്കുകയാണ് വാഹനങ്ങളും ജനങ്ങള്‍ പേടിച്ച് നിരത്തിലിറക്കുന്നില്ല.

പൊലീസ് മന:പൂര്‍വ്വം വെടിവയ്പ്പ് നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പൊലീസ് വാഹനത്തിനു മുകളില്‍ കയറി നിന്ന് കൊല്ലണമെന്ന ഉദ്യേശത്തോടെ ഉന്നം പിടിച്ച് പൊലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെയാണ് വരുന്നത്.

സമരക്കാര്‍ക്ക് നേരെ വെടി ഉതിര്‍ക്കുന്നതിനു മുന്‍പ് മുന്നറിയിപ്പോ ,ആകാശത്തേക്ക് വെടി വയ്ക്കുകയോ പൊലീസ് ചെയ്യാതിരുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്നും പൊലിസ് വെടിവയ്പ്പ് തുടരുകയും ഒരാള്‍ മരിക്കുകയും സംഘര്‍ഷം വ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയിലും ശക്തമാണ്.

MAKKAL-NEETHIII

തമിഴകത്തെ സ്ഥിതി സ്‌ഫോടനാത്മകമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിട്ടു നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജയലളിതയുടെ മരണശേഷം രാഷ്ട്രിയ അസ്ഥിരത തുടരുന്ന തമിഴകത്ത് അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ പിരിച്ച് വിടുന്നതിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു വലിയ താല്‍പ്പര്യമില്ല. നിലവില്‍ കേന്ദ്രത്തില്‍ ബി.ജെ.പി യോട് സഹകരിച്ചാണ് അണ്ണാ ഡി.എം.കെ മുന്നോട്ട് പോകുന്നത്.

എന്നാല്‍ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സുപ്രീം കോടതി അടക്കം പ്രശ്‌നത്തില്‍ ഇടപെടുമെന്നും അത് തമിഴക സര്‍ക്കാറിന് വലിയ തിരിച്ചടിയാകുമെന്നുമുള്ള ആശങ്ക കേന്ദ്രത്തിനുണ്ട്.

സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമര നായകന്‍ തമിഴരശന്‍ ഉള്‍പ്പെടെ വെടിയേറ്റ് മരിച്ചത് പൊലീസ് പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ബി ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ തൂത്തുക്കുടിയിലെത്തിയ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു. രജനീകാന്തും പരസ്യമായി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി ഇടപ്പെട്ട് വിവാദ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തന വിപുലീകരണവും ഇപ്പോള്‍ തടഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട.ജഡ്ജ് അരുണ ജഗദീശനെ തമിഴക സർക്കാർ നിയമിച്ചിട്ടുണ്ട്.

Top