ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തുഷാര്‍ ഗാന്ധിയെയും ടീസ്റ്റയെയും പോലീസ് തടഞ്ഞു

മുംബൈ: ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രമുഖരെ തടഞ്ഞ് പൊലീസ്. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ പൊലീസാണ് തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്.

ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. ടീസ്റ്റ സെതല്‍വാദിനെയും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. മുംബൈ ജൂഹുവിലെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും 20ഓളം പൊലീസുകാര്‍ വീട് വളഞ്ഞെന്നുമായിരുന്നു ടീസ്റ്റയുടെ ആരോപണം. വാര്‍ഷിക ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വര്‍ഷവും മുംബൈയില്‍ നിശബ്ദ മാര്‍ച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിര്‍ഗാം ചൗപാട്ടിയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നിശബ്ദ മാര്‍ച്ച്. രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ മുഖ്യമന്ത്രി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് ഇവരെ തടഞ്ഞത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി മൗനജാഥയ്ക്ക് അനുമതി നിഷേധിച്ചതായും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും പൊലീസ് വിശദീകരിക്കുന്നു.

Top