തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാൻ സാധ്യത

തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായേക്കും. ഇതു സംബന്ധമായി നിർണ്ണായക നീക്കമാണ് തെലങ്കാന പൊലീസ് നടത്തി കൊണ്ടിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നേരിട്ടാണ് തെളിവുകൾ സഹിതം തുഷാർ വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ കമലത്തിന്’ പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നു എന്നും, രേഖകൾ പുറത്ത് വിട്ടാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. തെലങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഒപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

തുഷാർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആ‍ര്‍ തുറന്നടിച്ചിട്ടുണ്ട്. 100 കോടിയാണ് സ‍ര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാ‍ര്‍ വാഗ്ദാനം ചെയ്തതത്രെ. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും മുഖ്യമന്തി വ്യക്തമാക്കിയിട്ടുണ്ട്.

നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണ ബി.ജെ.പി പദ്ധതി തയ്യാറാക്കിയതെന്നും, തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടതെന്നും ചന്ദ്രശേഖര റാവു പറയുന്നു. ഏജന്റുമാർ ടിആ‍ർ എസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആ‍ര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു കഴിഞ്ഞു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവ‍ര്‍ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു.

എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ തുഷാറും സംഘവും നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ട തെലങ്കാന മുഖ്യമന്ത്രിയുടെ നടപടി ദേശീയ രാഷ്ട്രീയത്തെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. പ്രതിപക്ഷം മാത്രമല്ല, എൻ.ഡി.എ നേതാക്കളും അമ്പരന്നിരിക്കുകയാണ്.

തുഷാർ വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞില്ലങ്കിൽ, സ്വന്തം ഘടകകക്ഷികൾ പോലും ബി.ജെ.പിയെ വിശ്വസിക്കാത്ത സാഹചര്യമാണ് നിലവിൽ സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചു തന്നെ തെലങ്കാനയിൽ നേട്ടം കൊയ്യാൻ പറ്റും എന്നിരിക്കെ, തുഷാറിനെ പോലെ ഒരാളെ ഒരിക്കലും ബി.ജെ.പി രംഗത്തിറക്കില്ലന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ വാദിക്കുന്നത്. വിഷയത്തിൽ നിന്നും തല ഊരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ തന്ത്രമെങ്കിലും, അത് വിലപ്പോവാൻ സാധ്യത കുറവാണ്.

 

കേരളത്തിലെ എൻ.ഡി.എയുടെ കൺവീനറാണ് തുഷാർ എന്നതാണ് ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. പുറത്തു വന്ന ഡിജിറ്റൽ തെളുവുകളും ബി.ജെ.പിക്ക് എതിരാണ്. സ്വന്തം നിലയ്ക്ക് തുഷാർ ചെയ്തതാണ് ഈ ഇടപെടലെന്ന വാദവും നിലനിൽക്കാൻ പോകുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തന്നെയാണ് കുതിരക്കച്ചവട പരമ്പരകളും അരങ്ങേറുന്നത് എന്നത് രാജ്യത്തിന് തന്നെ അപമാനമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ ‘കുതിരക്കച്ചവടങ്ങൾ’ തെളിവുകൾ അവശേഷിപ്പിക്കാതെ രഹസ്യമായി ചെയ്തവർക്ക്, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് തെലങ്കാനയിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തുഷാറിനെയും സംഘത്തെയും യഥാർത്ഥത്തിൽ ‘കെണിവച്ചാണ് ‘ തെലങ്കാന സർക്കാർ പിടിച്ചിരിക്കുന്നത്. പത്ര സമ്മേളനത്തിൽ മാത്രം പ്രതികരണം ഒരുക്കാതെ നിയമ നടപടിയിലേക്കും രാഷ്ട്രീയ ഇടപെടലിനും തയ്യാറായ തെലങ്കാന മുഖ്യമന്തി പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് ഇപ്പോൾ ഹീറോ ആയിരിക്കുകയാണ്.

മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെ.സി.ആർ രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചതും വേറിട്ട കാഴ്ചയാണ്.

ബിജെപി ഏജന്റുമാരുടെ ഇടപെടൽ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോൺ രേഖകളും മാധ്യമങ്ങൾക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും വിവിധ പാർട്ടി അധ്യക്ഷൻമാർക്കും അയച്ചിട്ടുണ്ട്. ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കുന്ന നീക്കം തന്നെയാണിത്. ബി.ജെ.പി എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണമെന്നതാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ആവശ്യം. തുഷാർ വെള്ളാപ്പള്ളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ പിന്നിൽ പ്രവർത്തിച്ച പ്രമുഖരെ ഉൾപ്പെടെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തെലങ്കാന സർക്കാർ. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

EXPRESS KERALA VIEW

Top