തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായ ചെക്ക് കേസ് തള്ളി അജ്മാന്‍ കോടതി

അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ കേസ് കോടതി തള്ളിയത്.

പരാതിക്കാരനായ നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചു നല്‍കുകയും ചെയ്തു.

10 വര്‍ഷം മുമ്പുള്ള ഒരു ഇടപാടില്‍ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്നാണ് നാസില്‍ അബ്ദുള്ള തുഷാറിനെതിരെ അജ്മാന്‍ നുഐമി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

അതേസമയം തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയായിരുന്നു പുറത്തു വന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതായിരുന്നു ശബ്ദരേഖ.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ നിന്നും വ്യക്തമായിരുന്നു.

Top