അരൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിഡിജെഎസ് മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : അരൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിഡിജെഎസ് മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തതെന്നും തുഷാര്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നല്‍കേണ്ട ഒരു സ്ഥാനമാനങ്ങളും ഒരു ഘടകക്ഷി എന്ന നിലയില്‍ ബിഡിജെഎസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നിന്ന പോലെ ഇത്തവണ നില്‍ക്കണമെന്ന തീരുമാനം ഞങ്ങള്‍ക്കില്ല. രാഷ്ട്രീയത്തില്‍ അഭിപ്രായം ഇരുമ്പുലക്കയല്ല.രാഷ്ട്രീയത്തില്‍ മിത്രമോ ശത്രുവോ ഇല്ല. എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അവരില്‍ നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ഉറപ്പുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. അതെല്ലാം പരിഹരിച്ച ശേഷം മതി തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോയാല്‍ മതിയെന്നാണ് പാര്‍ട്ടി നേതൃയോഗത്തിന്റെ തീരുമാനം. ഒരു ഓഫറിന്റെയും അടിസ്ഥാനത്തിലല്ല അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായതെന്നും തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top