ഈ വ്യാജപരാതി പണം തട്ടാനുള്ള ശ്രമം; നിയമപരമായിത്തന്നെ നേരിടുമെന്ന്…

ദുബായ്‌: വ്യാജപരാതി നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലായിരുന്നു നസീല്‍ അബ്ദുള്ളയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പളളി. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനോ അവരുടെ ഈ ശ്രമത്തിന് വഴങ്ങിക്കൊടുക്കാനോ ഉദ്ദേശ്യമില്ല. കേസ് നിയമപരമായിത്തന്നെ നേരിടുമെന്നും തുഷാര്‍ പറഞ്ഞു.

ഈ പരാതി വ്യാജമാണെന്ന് മനസ്സിലാക്കിയാണ് എം.എ. യൂസഫലി, കേരള മുഖ്യമന്ത്രി, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെല്ലാം എനിക്കുവേണ്ടി ഇടപെട്ടതെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” നിലവില്‍ ഉമ്മല്‍ഖുവൈനില്‍ കുറച്ചുസ്ഥലം സ്വന്തമായിട്ടുണ്ട്. അത് ഒഴിച്ച് മറ്റ് ബിസിനസുകള്‍ ഒന്നും ഇല്ല. രണ്ടാഴ്ചമുമ്പ് തന്റെ സ്ഥലം വാങ്ങാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ചിലര്‍ നിരന്തരം വിളിച്ചിരുന്നു. നല്ല വിലതരാമെന്നും പറഞ്ഞു.നേരത്തെ തന്നെ ദുബായിലേയ്ക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച ദുബായിലെത്തി വെള്ളിയാഴ്ച മടങ്ങാനായിരുന്നു പരിപാടി. അതു കൊണ്ട് തന്നെ സ്ഥലത്തിന്റെ കാര്യം ചോദിച്ച് വിളിച്ചവരോട് വരുമ്പോള്‍ സംസാരിക്കാമെന്ന് പറഞ്ഞു. അതനുസരിച്ച് ദുബായിലെ ഹോട്ടലില്‍വെച്ച് അവരുമായി സംസാരിക്കുന്നതിനിടയിലാണ് രണ്ട് സി.ഐ.ഡി.മാര്‍ വന്ന് അറസ്റ്റുചെയ്തത്. അറസ്റ്റ് എന്തിനാണെന്ന് പറഞ്ഞതുമില്ല.” – തുഷാര്‍ പറഞ്ഞു.

“നസീല്‍ അബ്ദുള്ള മുമ്പ് കമ്പനിയുടെ ഉപ കരാര്‍ എടുത്തിരുന്നു. ആകെ അവര്‍ ചെയ്ത ജോലി ഏഴ് ലക്ഷം ദിര്‍ഹത്തിന്റേതായിരുന്നു. ആ തുക കൊടുത്തതുമാണ്. അവരുമായി പത്ത് ദശലക്ഷം പോയിട്ട് പത്ത് ലക്ഷത്തിന്റെ കരാര്‍പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നുകില്‍ അന്ന് എന്റെ ഓഫീസില്‍നിന്ന് മോഷ്ടിച്ചേതാ അതല്ലെങ്കില്‍ എന്റെ കണ്‍സല്‍ട്ടിങ് കമ്പനികളില്‍നിന്ന് തരപ്പെടുത്തിയതോ ആവാം ആ ചെക്കുകള്‍. യു.എ.ഇ.യില്‍ ഇപ്പോള്‍ അത്തരം ചെക്കുകള്‍ പ്രാബല്യത്തിലുമില്ല. കഴിഞ്ഞമാസത്തെ തീയതിവെച്ചാണ് ചെക്ക് പോലീസില്‍ നല്‍കിയിരിക്കുന്നത്. നാലുമാസമായി ഞാന്‍ ഇവിടെ വന്നിട്ടുപോലുമില്ല. ഇതില്‍ ഒരു ചെക്കിലെ ഒപ്പ് വ്യാജമാണെന്നും സംശയമുണ്ട്. ജയിലില്‍നിന്ന് വ്യാഴാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് കേസിന്റെ വിശദവിവരങ്ങള്‍ അറിയുന്നത്”. തുഷാര്‍ പറഞ്ഞു.

Top