ഔദ്യോഗിക സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് തയ്പ് എര്‍ദോഗന്‍ ഇന്ത്യയിലെത്തി. ഭാര്യ എമൈന്‍ എര്‍ദോഗനും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച എര്‍ദോഗന് രാഷ്ട്രപതി ഭവനില്‍ ഔപചാരിക വരവേല്‍പ് നല്‍കും. തുടര്‍ന്ന് അദ്ദേഹം രാജ്ഘട്ട് സന്ദര്‍ശിക്കും.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വ്യവസായ പ്രമുഖര്‍ എന്നിവരുമായും തുര്‍ക്കി പ്രസിഡന്റ് ആശയ വിനിമയം നടത്തും. വിവാദമായ ജനഹിതപരിശോധനയ്ക്കു ശേഷമുള്ള എര്‍ദോഗന്റെ ആദ്യ വിദേശ പര്യടനമാണിത്.

ഇതിനിടെ ഇന്ത്യയിലെത്തിയ എര്‍ദോഗന്‍ വിവാദ പ്രസ്താവന നടത്തി വാര്‍ത്തയില്‍ ഇടംപിടിച്ചു. കാഷ്മീര്‍ വിഷയത്തില്‍ ബഹുകക്ഷി ചര്‍ച്ച ആവശ്യമാണെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്. ഇന്ത്യയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായമാണ് ഡല്‍ഹിയില്‍ എര്‍ദോഗന്‍ നടത്തിയത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഈ വിഷയത്തില്‍ ദീര്‍ഘ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top