Turkish PM confirms shelling of Kurdish forces in Syria

അങ്കാറ: സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ഫ്രാന്‍സിന്റെ ആവശ്യം തുര്‍ക്കി തള്ളി. അലപ്പോയിലെ വടക്കന്‍ മേഖലയില്‍ കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു വ്യക്തമാക്കി. റഷ്യന്‍ സഹായത്തോടെ കുര്‍ദുകള്‍ മുന്നേറുന്നത് തടയുമെന്നും ഒഗ്ലു കൂട്ടിച്ചേര്‍ത്തു.

അലപ്പോയിലെ വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിയണമെന്ന തുര്‍ക്കിയുടെ ആവശ്യം കുര്‍ദുകള്‍ നേരത്തെ നിരാകരിച്ചിരുന്നു. പീപിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിനോടും (വൈ.പി.ജി) സിറിയന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയോടും (പി.വൈ.ഡി) ആണ് പിന്മാറാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ആവശ്യം തള്ളിയതോടെയാണ് തുര്‍ക്കി ആക്രമണം തുടങ്ങിയത്. അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകാന്‍ കാരണം കുര്‍ദുകളാണെന്നാണ് തുര്‍ക്കിയുടെ നിലപാട്.

കുര്‍ദുകള്‍ക്ക് നേരെയുള്ള ആക്രമണം ഉടന്‍ അവസാനിപ്പികണമെന്നും ഇപ്പോഴത്തെ ആക്രമണം അന്താരാഷ്ട്ര നിലപാടുകളുടെ ലംഘനമാണെന്നും ഫ്രാന്‍സ് ചൂണ്ടിക്കാട്ടുന്നു.

ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസ് സഖ്യകക്ഷികളില്‍ അംഗമാണ് പി.വൈ.ഡി. അക് പാര്‍ട്ടിയുമായി 30 വര്‍ഷമായി പോരാട്ടം തുടരുന്ന കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സിറിയന്‍ വിങ്ങാണ് പി.വൈ.ഡി എന്നാണ് തുര്‍ക്കി കരുതുന്നത്.

Top