കഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യമായി സാധനങ്ങളെടുക്കാം; സൂപ്പര്‍മാര്‍ക്കറ്റ് പോലെ മസ്ജിദ്

ഇസ്താംബുള്‍: കൊവിഡ് മഹാമാരിയില്‍ വലഞ്ഞുപോയവര്‍ക്ക് കൈത്താങ്ങായി തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള മസ്ജിദ്. മസ്ജിദിന്റെ പ്രവേശന കവാടത്തിലുള്ള ചെരുപ്പ് വയ്ക്കുന്ന റാക്കുകള്‍ നിറയെ ബിസ്‌കറ്റുകള്‍, പാസ്ത പായ്ക്കറ്റുകള്‍, എണ്ണ കുപ്പികള്‍ തുടങ്ങിയവ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതല്ല. പാവപ്പെട്ടവര്‍ക്കു വന്ന് സൗജന്യമായി എടുത്തിട്ടു പോകാം. ആര്‍ക്കു വേണമെങ്കിലും സാധനങ്ങള്‍ സംഭാവന ചെയ്യാമെന്നും നോട്ടിസ് ഇട്ടിട്ടുണ്ട്.

സാരിയര്‍ ജില്ലയിലെ ദേദെമാന്‍ മസ്ജിദിലെ ഇമാമായ അബ്ദുല്‍സമേത് കാക്കിറാണ് ഇങ്ങനെയൊരു ആശയവുമായി എത്തിയത്. പകര്‍ച്ചവ്യാധിയുണ്ടാകുമെന്ന ഭീതിയില്‍ തുര്‍ക്കിയില്‍ പ്രാര്‍ഥനകളും മറ്റും താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രാര്‍ഥനാ സ്ഥലങ്ങള്‍ വഴി പാവപ്പെട്ടവരിലേക്ക് എത്താനുള്ള ശ്രമമാണ് തന്റെ ആശയമെന്നും കാക്കിര്‍ പറയുന്നു.

ഭക്ഷണപ്പൊതികളും ശുചീകരണ ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ ഇവിടെ കുമിഞ്ഞുകൂടിയിട്ടുണ്ട്. ഒട്ടോമാന്‍ സാമ്രാജ്യത്തിലെ ‘ചാരിറ്റി സ്റ്റോണ്‍’ എന്ന കാരുണ്യ സംഭാവന സംവിധാനമാണ് തനിക്കു പ്രചോദിതമായതെന്നും കാക്കിര്‍ പറയുന്നു. ഒട്ടോമാന്‍ ഭരണകാലത്ത് നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ചെറിയൊരു കല്‍ത്തൂണ് സ്ഥാപിച്ചിട്ടുണ്ടാകും.

ആവശ്യക്കാര്‍ ആരാണെന്ന് അറിഞ്ഞില്ലെങ്കിലും സമ്പന്നര്‍ക്ക് ഈ കല്‍ത്തൂണില്‍ പണം സംഭാവന നല്‍കാം. ആവശ്യക്കാര്‍ ആവശ്യമുള്ളത് ഇതുവഴി എടുക്കും. ഇതാണു സമ്പന്നരെയും പാവപ്പെട്ടവരെയും ബന്ധിപ്പിക്കുന്നത്. അതേസമയം, പണമായി സംഭാവന സ്വീകരിക്കില്ലെന്ന് ഇമാം പറഞ്ഞു. പകരം ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളും നല്‍കാം. ഉല്‍പ്പാദകര്‍ നേരിട്ട് സംഭാവന നല്‍കാറുണ്ട്.

Top