വടക്കന്‍ സിറിയയില്‍ സൈനിക നീക്കം ശക്തമാക്കി തുര്‍ക്കി

അക്കാക്കലെ : സിറിയയില്‍ സൈനിക നീക്കം ശക്തമാക്കി തുര്‍ക്കി. വടക്കന്‍ സിറിയയിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് തുര്‍ക്കി കര-വ്യോമ ആക്രമണങ്ങള്‍ നടത്തുന്നത്. ആക്രമണത്തില്‍ 174 ഭീകരരെ വധിച്ചതായി തുര്‍ക്കി അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ നിന്ന് കുര്‍ദുകളെ ഉന്‍മൂലനം ചെയ്ത് സുരക്ഷാ മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പതിനായിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നത്. അതേ സമയം തുര്‍ക്കിയുടെ ആക്രമണത്തിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. യു.എന്നും യൂറോപ്യന്‍ രാജ്യങ്ങളും പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

തുര്‍ക്കി സംയമനം പാലിക്കണമെന്നും പ്രദേശത്തെ മനുഷ്യ ജീവിതം ദുസ്സഹമാക്കരുതെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോലന്‍ബര്‍ഗ് അറിയിച്ചിരുന്നു. തുര്‍ക്കിയുടെ ആക്രമണത്തെ അപലപിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുര്‍ദുകള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ തുര്‍ക്കിയുടെ സൈനിക നടപടിയെ തടസ്സപ്പെടുത്തിയാല്‍ സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്ക് അയക്കുമെന്നായിരുന്നു ഉര്‍ദുഗാന്‍ മറുപടി നല്‍കി. 36 ലക്ഷം അഭയാര്‍ഥികളാണ് തുര്‍ക്കിയിലുള്ളത്.

Top