Turkey’s president, Putin hurl insults after plane downed

ഇസ്താംബൂള്‍: റഷ്യന്‍ വിമാനമാണ് തുര്‍ക്കിക്ക് മേല്‍ പറന്നതെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ വെടിവെച്ചിടില്ലായിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് തയുപ്പ് എരദോഗന്‍ പറഞ്ഞു. ഫ്രാന്‍സ് 24 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എരദോഗന്‍ ഇത്തരമൊരു പ്രസ്താവനയിറക്കിയത്.

ഈ സംഭവത്തിന് ശേഷം പല പ്രവശ്യം താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുടിന്‍ തന്നോട് സംസാരിക്കാനോ ചര്‍ച്ച നടത്താനോ തയാറായില്ലെന്നും എരദോഗന്‍ പറഞ്ഞു.

മുന്നറിയിപ്പ് അവഗണിച്ച് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചതുകൊണ്ടാണ് റഷ്യയുടെ യുദ്ധവിമാനത്തെ വെടിവച്ചിട്ടതെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നും തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി.

ഈ സംഭവത്തില്‍ തുര്‍ക്കിയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികള്‍ക്ക് മോസ്‌കോ നീങ്ങുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ തുര്‍ക്കിയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവ് വ്യാഴാഴ്ച ഉത്തരവിട്ടു.

Top