തുര്‍ക്കി പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്നത് തന്റെ അച്ഛന്റെ ആശയങ്ങളെന്ന് ഇല്യാസ് ശബാസ്

ന്യൂയോര്‍ക്ക്: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതിനിധാനം ചെയ്യുന്നത് തന്റെ പിതാവിന്റെ ആശയങ്ങളാണെന്ന് ഇല്യാസ് ശബാസ്. പ്രമുഖ മുസ്‌ലിം പൗരാവകാശ നേതാവായിരുന്ന മാല്‍കം എക്‌സിന്റെ മകള്‍ ഇല്യാസ് ശബാസ്.

ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ ഉര്‍ദുഗാനെയും പ്രഥമ വനിത എമിന്‍ ഉര്‍ദുഗാനെയും ശബാസും സഹോദരിയും തിങ്കളാഴ്ച സന്ദര്‍ശിച്ചിരുന്നു.

‘അന്തസ്സും മാനുഷിക മൂല്യങ്ങളും നീതിബോധവും ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തെ പോലെയുള്ള ഒരു നേതാവിനെ കണ്ടുമുട്ടിയത് തന്നെ അഭിമാനമാണ്,’ കൂടിക്കാഴ്ചക്ക് ശേഷം ഒരു തുര്‍ക്കിഷ് വാര്‍ത്ത ഏജന്‍സിയുടെ ന്യൂയോര്‍ക്ക് പ്രതിനിധിയോട് ഇല്യാസ് ശബാസ് പറഞ്ഞു. തന്റെ പിതാവിന്റെ പാരമ്പര്യം പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് അദ്ദേഹവുമായുള്ള കൂടിക്കാഴ്ച തീര്‍ത്തും അര്‍ത്ഥവത്തായിരുന്നു എന്നും അവര്‍ പറഞ്ഞു.

ഓരോ വ്യക്തിയുടെയും മനുഷ്യത്വമാണ് എന്റെ പിതാവ് ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം. ദൈവത്തിന്റെ കണ്ണില്‍ നമ്മളെല്ലാവരും സഹോദരങ്ങളാണ്. അതിനാല്‍, മതമോ ജാതിയോ നിറമോ ദൈവത്തിന്റെ പരിഗണനാ വിഷയങ്ങളല്ല. ശരിയില്‍ നിന്നും തെറ്റിനെ വേര്‍തിരിക്കുന്നതിനെ കുറിച്ചാണ് ദൈവം സംസാരിക്കുന്നതെന്നും ശബാസ് പറഞ്ഞു.

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത് പോലെയുള്ള തുര്‍ക്കിയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ശബാസ് അത് മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും പറഞ്ഞു.

മറ്റുള്ളവര്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ തുര്‍ക്കി 3.5 ദശലക്ഷം അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിട്ട് കൊടുത്തു എന്നും ശബാസ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ വംശീയതക്ക് എതിരെ പോരാടിയ പ്രമുഖ ആഫ്രോ അമേരിക്കന്‍ നേതാവാണ് മാല്‍കം എക്‌സ്.

Top