ചൈനീസ് വാക്‌സിനില്‍ വിശ്വാസമര്‍പ്പിച്ച് തുര്‍ക്കി;ഉടന്‍ ഉപയോഗിച്ചു തുടങ്ങും

ഇസ്താംബുള്‍: പരീക്ഷണങ്ങളില്‍ 91 ശതമാനം ഫലപ്രാപ്തി ഉറപ്പായതോടെ ചൈനീസ് വാക്സീന്‍ ഉപയോഗിക്കാനൊരുങ്ങി തുര്‍ക്കി. തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്റെറ്റിന്‍ കൊക്കയാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ച ചൈനയില്‍ നിന്നു കൂടുതല്‍ വാക്സീന്‍ തുര്‍ക്കിയിലേക്ക് അയയ്ക്കും. ബയോണ്‍ടെക്കിന്റെ 4.5 ദശലക്ഷം ഡോസ് വാക്സീന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അങ്കാറയിലെത്തും.

ചൈനയുടെ സിനോവാക് വാക്സീന്റെ മുപ്പതു ലക്ഷം ഡോസാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. തുടര്‍ന്ന് 50 മില്യണ്‍ ഡോസ് കൂടി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സീന്‍ നല്‍കുന്നത്.

7371 സന്നദ്ധപ്രവര്‍ത്തകരാണ് തുര്‍ക്കിയില്‍ ചൈനീസ് വാക്സീന്‍ പരീക്ഷണത്തില്‍ പങ്കെടുത്തത്. അതേസമയം, മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രതിദിനം ഇരുപതു ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ 90 ലക്ഷം പേര്‍ക്ക് വാക്സീന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ഇതുവരെ 2.2 മില്യണ്‍ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. 19,115 പേര്‍ മരിച്ചു.

Top