തുര്‍ക്കിയുമായി കൂട്ടുകൂടാന്‍ യുഎഇ; ബന്ധം പരമാധികാരം ബഹുമാനിച്ചു കൊണ്ട്

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നു. യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍. അതേസമയം മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് തുര്‍ക്കിയോട് യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം യു.എ.ഇ വിദേശകാര്യമന്ത്രി ലിബിയയിലെ യുദ്ധവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ല. നാറ്റോ പിന്തുണയോടെയുള്ള സൈന്യം മുഹമ്മദ് ഗദ്ദാഫിയെ പുറത്താക്കിയതിന് ശേഷം ലിബിയയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

യു.എ.ഇ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയാണ് തുര്‍ക്കിയോടുള്ള നിലപാടും വ്യക്തമാക്കി യു.എ.ഇ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം യു.എ.ഇ നയം സൗദി അറേബ്യ എങ്ങിനെ സ്വീകരിക്കുമെന്ന കാര്യം വ്യക്തമല്ല.

ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന നിലപാട് ഖത്തര്‍ എടുത്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് തുര്‍ക്കിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങിയതിന്റെ പേരിലാണ് തുര്‍ക്കിക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ അമേരിക്ക സ്വീകരിച്ചത്.

Top