പിഞ്ചുകുഞ്ഞ് അടക്കം അഞ്ചു സിറിയന്‍ പൗരന്മാര്‍ തുര്‍ക്കി സേനയുടെ വെടിയേറ്റു മരിച്ചു

റോം: വടക്കുപടിഞ്ഞാറന്‍ ഇഡ്ലിബ് പ്രവിശ്യയിലെ ഹാതിയയില്‍ പിഞ്ചുകുഞ്ഞ് അടക്കം അഞ്ചു സിറിയന്‍ പൗരന്മാര്‍ തുര്‍ക്കിഷ് അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചു.

അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

സിറിയന്‍ സര്‍ക്കാര്‍ അനുകൂല സേനകളും വിമതരും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷം അവസാനഘട്ടത്തില്‍ എത്തിയതോടെ ഇഡ്ലിബ് പ്രവിശ്യയിലെ ജനജീവിതം കൂടുതല്‍ ദുസഹമായിരിക്കുകയാണ്. പ്രാണരക്ഷാര്‍ഥം കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകളാണ് പാലായനം ചെയ്യുന്നത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുന്നവരെ തുര്‍ക്കി സേന വെടിവെച്ച് കീഴ്‌പ്പെടുത്തുകയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇഡ്ലിബ് പ്രവിശ്യ വിമതരുടെയും അല്‍ക്വയ്ദ ബന്ധമുള്ള ഫത്തേ അല്‍ ഷാം ഫ്രണ്ട് എന്ന ഭീകരസംഘടനയുടെയും നിയന്ത്രണത്തിലാണ്. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നിരവധി തവണ ഇവിടെ ആക്രമണം നടത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് എതിരേയുള്ള പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന അമേരിക്കയുടെ വിമാനങ്ങളും ഇവിടെ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്.

Top