Turkey: Six killed in bomb blasts near police stations

ഇസ്തംബൂള്‍: തുര്‍ക്കിയിലെ കിഴക്കന്‍ പ്രദേശത്തുണ്ടായ രണ്ട് കാര്‍ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. 71 പേര്‍ക്ക് പരിക്കേറ്റു. എലാസിഗ് നഗരത്തില്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ മൂന്ന് പൊലീസുകാരും മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

സംഭവ സ്ഥലത്ത് കനത്ത പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ ദോഗന്‍ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ചതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും എലാസിഗ് മേയര്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്നാണ് ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചത്. അതിനിടെ തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കപ്പെടുന്ന ഫലഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് കരുതുന്ന സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.

Top