Turkey shuts down scores of media outlets after failed coup

ഇസ്താംബൂള്‍: പട്ടാള അട്ടിമറി നീക്കം തകര്‍ത്തതിന് പിന്നാലെ നൂറോളം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ തുര്‍ക്കി ഭരണകൂടം ഒരുങ്ങുന്നു. പ്രധാനപ്പെട്ട ദേശീയ ചാനലുകളുടേതടക്കം പ്രവര്‍ത്തനം നിര്‍ത്തിക്കാനാണ് ഒരുക്കം. 16 ടെലിവിഷന്‍ സ്റ്റേഷനുകളും 23 റേഡിയോ സ്‌റ്റേഷനുകളും 45 പത്രങ്ങളും 15 മാഗസീനുകളും 25 മറ്റ് പ്രസിദ്ധീകരണവും പ്രവര്‍ത്തനരഹിതമാക്കാനാണ് തുര്‍ക്കി ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

സിഹാന്‍ ന്യൂസ് ഏജന്‍സി, കുര്‍ദ്ദിഷ് അനുകൂല ഐഎംസി ടിവി, പ്രതിപക്ഷ അനുകൂല പത്രമായ തരഫ് എന്നിവയും അടച്ചുപൂട്ടുന്നവയില്‍ ഉള്‍പ്പെടുന്നതായി സിഎന്‍എന്‍ തുര്‍ക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 42 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ 47 പത്രപ്രവര്‍ത്തകര്‍ക്കെതിരെ പുതിയതായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സമാന്‍ പത്രത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.

തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടികളെത്ത എര്‍ദോഗന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ വിവാദ തീരുമാനമെടുത്തത് അടിച്ചമര്‍ത്തലിന്റെ അടുത്ത നടപടിയായാണ്. ജനപിന്തുണയോടെയാണ് തുര്‍ക്കി പ്രസിഡന്റെ റജബ് ത്വെയബ് എര്‍ദോഗന്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയത്. പിന്നീട് അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പട്ടാളക്കാര്‍ക്കെതിരെ കര്‍ശന നടപടികളും കൈക്കൊണ്ടു. പട്ടാള അട്ടിമറിക്ക് സഹായിച്ച ജഡ്ജിമാരേയും ഉദ്യോഗസ്ഥരേയും ജയിലിലടക്കുകയും ചെയ്തിരുന്നു.

Top