ബാഷര്‍ അല്‍ അസദ് തീവ്രവാദിയെന്ന് തുര്‍ക്കി, മറുപടിയുമായി സിറിയ

ടുണീഷ്യ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

ബാഷറിനെ ഉള്‍പ്പെടുത്തി സിറിയന്‍ സമാധാന ചര്‍ച്ച മുന്നോട്ടു പോകില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ടുണീഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ബാജി ഖാഇദ് അസ്സബ്‌സിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.

സ്വന്തം രാജ്യത്ത് ഭരണകൂട ഭീകരത നടപ്പാക്കിയ വ്യക്തിയാണ് അസദ്. അദ്ദേഹത്തെ മാറ്റിനിര്‍ത്താതെ സിറിയന്‍ സമാധാന ചര്‍ച്ച ഫലം കാണില്ല. ലക്ഷക്കണക്കിനു വരുന്ന സ്വന്തം ജനതയെ കൊന്നൊടുക്കിയ സിറിയന്‍ പ്രസിഡന്റുമായി ചേര്‍ന്ന് എങ്ങനെയാണ് ഭാവിയെ നേരിടാനാകുകയെന്ന് ഉര്‍ദുഗാന്‍ ചോദിച്ചു.

അതേസമയം, തുര്‍ക്കി പ്രസിഡന്റിന്റെ ‘തീവ്രവാദി’ പരാമര്‍ശത്തിന് മറുപടിയുമായി സിറിയ രംഗത്തെത്തി. സിറിയയില്‍ ബാഷര്‍ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുന്ന ഭീകരസംഘങ്ങളെ സഹായിക്കുന്നത് ഉര്‍ദുഗാനാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ബാഷറിനെ ഭരണത്തില്‍നിന്ന് താഴെയിറക്കണമെന്ന ആവശ്യക്കാരാണ് തുര്‍ക്കി. ഇതിനായി സിറിയയിലെ വിമതസൈന്യത്തെ തുര്‍ക്കി പിന്തുണക്കുന്നുണ്ടെന്നും സിറിയ ആരോപിച്ചു.

Top