കൊറോണ വ്യാപനം; 20 വയസ്സിന് താഴെയുള്ളവര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുര്‍ക്കി

ഇസ്താംബൂള്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വ്യാപനം തടയാന്‍ 20 വയസ്സിന് താഴെയുള്ളവര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുര്‍ക്കി. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിരുന്നു.

ഇസ്താംബുള്‍, അങ്കാറ ഉള്‍പ്പെടെ 31 നഗരാതിര്‍ത്തികള്‍ അടച്ചുപൂട്ടും. അവശ്യസാധനങ്ങള്‍ക്ക് മാത്രമാണ് വാഹനഗതാഗതം അനുവദിക്കുകയെന്നും 15 ദിവസത്തേക്ക് ഈ നഗരങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ വാഹനങ്ങളെ കടത്തിവിടില്ലെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിന് കോക പറഞ്ഞു. 20,921 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Top