പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും ; അമീര്‍ സൗദി അറേബ്യയിലേക്ക്

കുവൈത്ത് സിറ്റി ; ഖത്തറുമായുള്ള നയതന്ത്രബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചതോടെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദി അറേബ്യയിലേക്കു പോകും.

ഗള്‍ഫ് രാജ്യങ്ങളുമായി നല്ലബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി പറഞ്ഞു.പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രതിസന്ധിയുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വാര്‍ത്താസമ്മേളനം നടത്തും.

ജിസിസിയിലോ റിയാദില്‍ നടന്ന അമേരിക്കന്‍ ഇസ്‌ലാമിക് അറബ് ഉച്ചകോടിയിലോ പറയാത്ത ആരോപണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ഒരു ജിസിസി രാജ്യത്തെ മറ്റു ജിസിസി രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന നടപടി അത്ഭുതകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറിന്റെ നടപടികള്‍ അയല്‍ക്കാരെ മാത്രമല്ല അമേരിക്കയെയും അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന്‌ ട്രംപ് ഭരണകൂടം വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ സൗദി സന്ദര്‍ശനം പ്രതികാര നടപടികള്‍ക്ക് കാരണമായെന്നാണ് ഖത്തറിന്റെ നിലപാട്.

Top