ഇറാനുമേല്‍ വീണ്ടും ആണവ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി യുഎസ്

Donald trump

വാഷിങ്ടണ്‍: ഇറാനുമേല്‍ വീണ്ടും ആണവ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി യുഎസ്. 2015ല്‍ ഇറാനും അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ആണവകരാറിന്റെ ഭാഗമായാണ് വര്‍ഷങ്ങളായുണ്ടായിരുന്ന ഉപരോധം നീക്കിയത്. എന്നാല്‍, ഭരണത്തിലേറിയതുമുതല്‍ ഇറാനെതിരായ ഉപരോധം നീക്കിയത് തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് അത് പുനഃസ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് രാജ്യങ്ങളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ അമേരിക്കയുടെ താല്‍പര്യത്തോട് നീതി പുലര്‍ത്തുന്നതല്ലെന്നാണ് ട്രംപിന്റെ നിലപാട്.

ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം ട്രംപ് തന്നെയാണ് ഈ സൂചന നല്‍കിയത്. ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ‘വളരെ പെട്ടെന്ന് നിങ്ങള്‍ക്ക് അതറിയാം’ എന്നാണ് ട്രംപ് പറഞ്ഞത്. ഒബാമ ഭരണകൂടം മുന്‍കൈയെടുത്ത് കൊണ്ടുവന്ന കരാര്‍ ‘ഏറെ ന്യൂനതകളുള്ളതാണെന്ന്’ ട്രംപിന്റെ വലംകയ്യും റിപ്പബ്ലിക്കന്‍ സെനറ്ററുമായ മാര്‍കോ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു.ആണവായുധങ്ങള്‍ വഹിക്കാനാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണമടക്കം ഒരുവിധ ആണവായുധ പ്രവര്‍ത്തനങ്ങളും ഇറാന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്നായിരുന്നു കരാറില്‍ ആറ് രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച പ്രധാന നിബന്ധന.

ഇത് ഇറാന്‍ അംഗീകരിക്കുന്നതോടെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പിക്കപ്പെട്ട സാമ്പത്തിക ഉപരോധങ്ങളെല്ലാം നീക്കുമെന്നും കരാര്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രാബല്യത്തില്‍വന്ന് ഉപരോധം നീക്കിയതോടെ എണ്ണ വില്‍പനയിലൂടെ നേടിയതും വിദേശരാജ്യങ്ങളില്‍ മരവിപ്പിക്കപ്പെട്ടുകിടന്നതുമായി കോടിക്കണക്കിന് ഡോളര്‍ തിരിച്ചുപിടിക്കാന്‍ ഇറാനായിരുന്നു. നീക്കിയ ഉപരോധങ്ങളില്‍ പലതിന്റെയും കാലാവധി വരുംആഴ്ചകളില്‍ കഴിയാനിരിക്കെ അവ അമേരിക്ക പുതുക്കുമോ എന്നത് ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമാവും.

Top