തുക്‌ഡെ, തുക്‌ഡെ സംഘത്തിലെ 2 പേരും ബിജെപിയില്‍: യശ്വന്ത് സിന്‍ഹ

Yashwant Sinha

ന്ത്യയിലെ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തില്‍ 2 അപകടകാരികളാണുള്ളതെന്നും, ഇവര്‍ ഇരുവരും ബിജെപിയിലാണ് ഉള്ളതെന്നും മുന്‍ ധനകാര്യ, വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് ഭരണപക്ഷമായ ബിജെപിയും, പ്രതിപക്ഷവും ചേരിതിരിഞ്ഞ് അക്രമിക്കുന്നതിന് ഇടെയാണ് മുന്‍ ബിജെപിക്കാരന്‍ കൂടിയായ യശ്വന്ത് സിന്‍ഹയുടെ ഈ കുത്ത് ട്വീറ്റായി പുറത്തുവന്നത്.

‘രാജ്യത്തെ ഏറ്റവും അപകടകാരികളായ തുക്‌ഡെ തുക്‌ഡെ സംഘത്തിലെ രണ്ട് പേര്‍, ദുര്യോധനനും, ദുശ്ശാസ്സനനുമാണ്. അവര്‍ രണ്ട് പേരും ബിജെപിയിലാണ്. അവരെ സൂക്ഷിക്കുക’, സിന്‍ഹ തന്റെ ട്വീറ്റില്‍ പരിഹസിച്ചു. നേരത്തെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും കേന്ദ്ര സര്‍ക്കാരിനെ ‘തുക്‌ഡെ തുക്‌ഡെ’ പരാമര്‍ശം ഉപയോഗിച്ച് പൗരത്വ നിയമത്തില്‍ വിമര്‍ശിച്ചിരുന്നു.

‘യഥാര്‍ത്ഥ തുക്‌ഡെ തുക്‌ഡെ സംഘം ഡല്‍ഹിയിലാണ് ഇരിക്കുന്നത്. ഇവരാണ് ഭിന്നിപ്പിക്കുന്നവര്‍. ഇവര്‍ രാജ്യത്തെ മതത്തിന്റെ പേരില്‍ മാത്രമല്ല, ഭാഷയുടെയും പേരില്‍ അകറ്റുന്നു. ഇവരെ അക്രമരഹിതമായ മാര്‍ഗ്ഗത്തിലൂടെ നമ്മള്‍ പ്രതിരോധിക്കും’, രാമചന്ദ്ര ഗുഹ പ്രസ്താവിച്ചു. എന്നാല്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം നടത്താന്‍ പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ബിജെപിയുടെ മറുപടി.

മുഗളന്‍മാര്‍ക്കും, ബ്രിട്ടീഷുകാര്‍ക്കും പറ്റാത്ത കാര്യമാണ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ തുക്‌ഡെ തുക്‌ഡെ സംഘമായ കോണ്‍ഗ്രസും, അസാദുദ്ദീന്‍ ഒവൈസിയും ചേര്‍ന്ന് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് ഇന്ത്യയെ വിഭജിക്കണം, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വിമര്‍ശിച്ചു. രാജ്യത്തെ വഴിതെറ്റിക്കുന്ന ഈ സംഘത്തിന് തക്കതായ ശിക്ഷ നല്‍കാന്‍ സമയമായെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.

Top