ഇംപോസിഷന്‍ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ച് ട്യൂഷന്‍ സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദനം

കൊല്ലം: ഇംപോസിഷന്‍ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് ആറാം ക്ലാസുകാരന് നേരെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ മര്‍ദിച്ചത്. അദ്വൈദ് രാജീവിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷന്‍ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മര്‍ദിച്ചത്. ‘ഇംപോസിഷന്‍ എഴുതാത്തതിന് നിര്‍ത്താതെ അടിച്ചു. കരഞ്ഞാല്‍ വീണ്ടും അടിക്കും, അതുകൊണ്ട് ഞാന്‍ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- അദ്വൈദ് പറഞ്ഞു.

ഇതിന് മുന്‍പും റിയാസ് എന്ന അധ്യാപകന്‍ മകനെ ചൂരല്‍ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാല്‍ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താന്‍ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവില്‍ കുഞ്ഞിന് കിട്ടിയ മര്‍ദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് പറഞ്ഞു.
‘ഞങ്ങളും അടികൊണ്ടാണ് വളര്‍ന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാന്‍ പറ്റില്ല. ക്രൂരമര്‍ദനമാണ് നടന്നത്. മകന്‍ തലവേദനയെ തുടര്‍ന്ന് എംആര്‍ഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മര്‍ദിച്ചത്’ -മാതാപിതാക്കള്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ട്യൂഷന്‍ സെന്റര്‍ ഉപരോധിച്ചു. മര്‍ദ്ദിച്ച റിയാസെന്ന അധ്യാപകന് എതിരെ കേസെടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Top