ഭക്ഷ്യവിഷബാധ; ചെന്നൈ ഐഫോൺ നിർമ്മാണ കമ്പനിയിലെ 150 പേർ ആശുപത്രിയിൽ

പ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലെ 150 ജീവനക്കാർ ആശുപത്രിയിലായെന്ന് റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കാരണം. ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ചെന്നൈയിലെ ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചാണ് ജോലിക്കാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റിലെ നിർമാണം നിലച്ചോ എന്ന വിവരം വ്യക്തമല്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഏകദേശം 150 ജോലിക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആപ്പിളോ, ഫോക്‌സ്‌കോണോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഫോക്‌സ്‌കോണ്‍ ജീവനക്കാരും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ് ചെന്നൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ചത്. അറസ്റ്റു ചെയ്തു നീക്കിയ 70 സ്ത്രീകളെ അടുത്ത ദിവസം വിട്ടയച്ചു. സ്ത്രീകളെ കൂടാതെ 22 പുരുഷന്മാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ ജോലിക്കെടുത്തവരില്‍ ഏറെയും സ്ത്രീകളാണ്.

ഏകദേശം ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ആപ്പിള്‍ നിര്‍മാണ ശാലകളില്‍ അരങ്ങേറുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആപ്പിളിന്റെ മറ്റൊരു നിര്‍മാതാവായ വിസ്ട്രണ്‍ കോര്‍പ്പിലെ യന്ത്രസാമാഗ്രികളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തത്. വേതന തര്‍ക്കമായിരുന്നു ഇതിനു കാരണം. വിസ്ട്രണിലെ നഷ്ടം ഏകദേശം 60 ദശലക്ഷം ഡോളറാണ് എന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.

ചൈനയ്ക്കു പുറത്ത് ഐഫോണ്‍ നിര്‍മാണം നടക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് പ്രാധാന്യമേറിവരുന്ന സമയത്താണ് രണ്ടാമത്തെ പ്രശ്നവും ഉണ്ടായിരിക്കുന്നത്. മെക്‌സിക്കോ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഇന്ത്യയെക്കൂടാതെ ഐഫോണ്‍ നിര്‍മാണം നടക്കുന്ന രാജ്യങ്ങള്‍. ചൈനയും അമേരിക്കയും വാണിജ്യ യുദ്ധം തുടങ്ങിയതോടെയാണ് മറ്റു രാജ്യങ്ങളിലേക്കും നിര്‍മാണം വ്യാപിപ്പിച്ചത്. തായ്‌വാനില്‍ നിന്നുളള ഹോണ്‍ ഹായ് പ്രസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി എന്ന മുഴുവന്‍ പേരുള്ള ഫോക്‌സ്‌കോണ്‍ ഈ വര്‍ഷമാണ് ഐഫോണ്‍ 12 മോഡല്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മാണം തുടങ്ങിയത്.

Top