ദിനകരനുമായി സുകാഷ് അടുത്തത് ഹൈക്കോടതി ജഡ്ജിയെന്ന വ്യാജേന

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി. ദിനകരനെ ഇടനിലക്കാരനായ സുകാഷ് ചന്ദ്രന്‍ കുടുക്കുകയായിരുന്നുവെന്ന് പൊലീസ്.

ഹൈക്കോടതി ജഡ്ജിയാണെന്ന് പരിചയപ്പെടുത്തിയാണ് സുകാഷ്, ടി.ടി.വി ദിനകരനുമായി അടുത്തതെന്നും സുകാഷിനെ ദിനകരന്‍ അന്ധമായി വിശ്വസിച്ചെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഏഴു മണിക്കൂറും ഞായറാഴ്ച 11 മണിക്കൂറുമാണ് ഡല്‍ഹി പൊലീസ് ദിനകരനെ ചോദ്യം ചെയ്തത്. സുകാഷിനെ വ്യക്തിപരമായി തനിക്ക് അറിയില്ലെന്നും ഹൈക്കോടതി ജഡിജിയാണെന്ന് കരുതിയാണ് സുകാഷുമായി അടുത്തതെന്നും ദിനകരന്‍ പറഞ്ഞു. സുകാഷിന് പണം നല്‍കിയെന്ന ആരോപണം ദിനകരന്‍ നിഷേധിച്ചു.

എഐഡിഎംകെയുടെ രണ്ടില ചിഹ്നം ലഭിക്കാന്‍ വേണ്ടി സുകാഷ് വഴി ദിനകരന്‍ തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാരാണ് സുകാഷുമായി ദിനകരന്‍ ഉറപ്പിച്ചുവെന്നാണ് ആരോപണം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നു പിടിയിലാകുമ്പോള്‍ 1.30 കോടി രൂപയും ഡല്‍ഹി പൊലീസ് സുകാഷില്‍ നിന്നു പിടികൂടിയിരുന്നു. മുന്‍കൂറായി പത്തു കോടി രൂപ നല്‍കിയിരുന്നുവെന്നും ഇതില്‍ ഒന്നര കോടിയാണ് സുകാഷില്‍ നിന്നും പിടികൂടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതില്‍ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകാഷ് ഡല്‍ഹി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.

×

Top