സുനാമിയും ഭൂകമ്പത്തിനും പിന്നാലെ പാലുവില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനവും

ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും തകര്‍ത്തെറിഞ്ഞതിന് പിന്നാലെ പാലുവില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനവും. വടക്കന്‍ സുലവേസി പ്രവിശ്യയിലെ മൗണ്ട് സോപ്ടണാണ് പൊട്ടിത്തെറിച്ചത്.

പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ 6000 മീറ്ററോളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലെവല്‍ നാല് വിഭാഗത്തില്‍പ്പെട്ട അഗ്‌നിപര്‍വ്വതമാണ് സോപ്ടണ്‍. പ്രദേശവാസികളോട് മാറിത്താമസിക്കാനും മാസ്‌കുകള്‍ ധരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത പുക ഉയരുന്നതിനാല്‍ വിമാന സര്‍വ്വീസുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ വിമാനം വഴി തിരിച്ച് വിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച പാലുവിന്റെ വടക്കന്‍ ഭാഗത്തായുള്ള പര്‍വ്വതമാണ് സോപ്ടണ്‍. തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്നും ചുട്ടുപഴുത്ത ലാവ പുറത്തേക്ക് കൂടിയ അളവില്‍ ഒഴുകിയെത്തിയേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തെ പിടിച്ചുലച്ച ഭൂകമ്പത്തിലും സുനാമിയിലും 1400 ലേറെപ്പേരാണ് മരിച്ചതായി കണക്കാക്കുന്നത്. കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും വെളിപ്പെടുത്തിയിരുന്നു.

തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതിന് പിന്നാലെ ആഞ്ഞടിച്ച തിരമാലകള്‍ പാലുവിനെ വിഴുങ്ങുകയായിരുന്നു.

Top