‘സത്യം ഒരുവട്ടം കൂടി വിജയിച്ചു’; കമല്‍നാഥ് രാജിവെച്ചതിന് പിന്നാലെ സിന്ധ്യ

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് മധ്യപ്രദേശിന്റെ വിജയമാണെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. സുപ്രീംകോടതി വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിശ്ചയിച്ച സമയപരിധി പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് കമല്‍നാഥ് രാജിവെച്ചത്.

‘മധ്യപ്രദേശിലെ ജനങ്ങളാണ് ഇന്ന് വിജയിച്ചത്. രാഷ്ട്രീയം പൊതുജന സേവനത്തിന്റെ മാധ്യമമാകണമെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വഴിയില്‍ നിന്നും വഴിതെറ്റി. സത്യം ഒരുവട്ടം കൂടി വിജയിച്ചിരിക്കുന്നു. സത്യമേവ ജയതേ’, ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 23 വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ പരാജയപ്പെട്ട കമല്‍നാഥ് ന്യൂനപക്ഷ സര്‍ക്കാരിനെയാണ് നയിച്ചുവന്നത്. ജ്യോതിരാദിത്യ സിന്ധ്യയോട് കൂറ് പ്രഖ്യാപിച്ചാണ് ഈ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവി രാജിവെച്ചത്. വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

രാജിപ്രഖ്യാപനത്തിന് മുന്‍പ് ബിജെപിയെ കടന്നാക്രമിക്കാന്‍ കമല്‍നാഥ് മറന്നില്ല. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാന്‍ ബിജെപി കളിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘സത്യം പുറത്തുവരും. ജനം ഇവരോട് പൊറുക്കില്ല. കഴിഞ്ഞ 15 മാസത്തിനിടെ പല തവണ ഭൂരിപക്ഷം തെളിയിച്ചു. ബിജെപിക്ക് 15 വര്‍ഷം ഭരിക്കാന്‍ കിട്ടിയപ്പോള്‍ എനിക്ക് 15 മാസമാണ് ലഭിച്ചത്. ബിജെപി ഒരു നേതാവുമായി ഗൂഢാലോചന നടത്തി 22 എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി’, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Top