സത്യം തുറന്ന് പറഞ്ഞതോടെ നഷ്ടമായത് നായക സ്ഥാനം; തുറന്ന് പറഞ്ഞ് മുന്‍ സൂപ്പര്‍താരം

കറാച്ചി: സത്യം തുറന്ന് പറഞ്ഞതോടെ നഷ്ടമായത് പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനമെന്ന് വെളിപ്പെടുത്തലുമായി മുന്‍ സൂപ്പര്‍താരം യൂനിസ് ഖാന്‍. 2009ല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ സ്ഥിരം നായകനായി യൂനിസ് ചുമതലയേറ്റിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവരികയും ചെയ്തു.

വാതുവെപ്പുമായി ബന്ധപ്പെട്ട് പാക് ടീമിനെതിരെ അന്വേഷണം വന്നപ്പോഴായിരുന്നു ഒക്ടോബറില്‍ താരം നായകസ്ഥാനം രാജിവച്ചത്. ഗള്‍ഫ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു വേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കാതിരുന്ന താരങ്ങളെ ചൂണ്ടിക്കാണിച്ചതാണ് തനിക്ക് വിനയായതെന്ന് യൂനിസ് ഖാന്‍ വെളിപ്പെടുത്തി.

2009ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നടന്നുകൊണ്ടിരുന്ന സമയത്ത് പാക് ടീമിലെ ഒമ്പതോളം താരങ്ങള്‍ യൂനിസ് ഖാനെതിരെ രംഗത്തുവന്നു. അത് നായകസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു.ജീവിതത്തില്‍ ചില സാഹചര്യങ്ങളില്‍ സത്യം മാത്രം പറയുകയാണെങ്കില്‍ നിങ്ങളെ എല്ലാവരും മനോരോഗിയെന്നു മുദ്ര കുത്തിയേക്കും.

ടീമിനു വേണ്ടി ആത്മാര്‍ഥമായി കളിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നും അദ്ദേഹം ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം അന്നു തനിക്കെതിരേ രംഗത്തുവന്ന താരങ്ങള്‍ പിന്നീട് പശ്ചാത്തപിച്ചതായും ഒരുപാട് വര്‍ഷം ടീമംഗങ്ങളായി കൂടെ കളിച്ചതായും യൂനിസ് ഖാന്‍ പറഞ്ഞു.

Top