സത്യത്തിന് രണ്ട് മുഖമില്ല; റഫേലില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് അരുണ്‍ ജയ്റ്റ്‌ലി

arun jaitly

ന്യൂദല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് പ്രസിഡന്‌റ് ഹോളണ്ടിന്‌റെ അഭിപ്രായവും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റും ആസൂത്രണം ചെയ്തതാണെന്ന് ജയ്റ്റ്‌ലി വിമര്‍ശിച്ചു. കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിമുഖത്തില്‍ ഹോളണ്ട്, റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഇന്ത്യന്‍ പ്രധാന മന്ത്രി കള്ളനാണെന്നും ജനങ്ങളുടെ പണം അംബാനിക്ക് നല്‍കിയെന്നുമായിരുന്നു രാഹുലിന്‌റെ വിമര്‍ശനം.

എന്നാല്‍ 24 മണിക്കൂറിനകം ഹോളണ്ടെ നിലപാട് മാറി. ഈ മലക്കം മറിച്ചിലിനെ ആയുധമാക്കിയാണ് അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. സത്യത്തിനൊരിക്കലും രണ്ട് മുഖമുണ്ടാവില്ലെന്നും ജയ്റ്റ്‌ലി വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ നിലപാട് മാറ്റാന്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

റാഫേല്‍ അഴിമതിയെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനോടു ഉപമിച്ച് ട്വീറ്റ് ചെയ്ത രാഹുലിന്‌റെ നടപടിയെ ശക്തമായി ധനമന്ത്രി വിമര്‍ശിച്ചു. ഇന്ത്യക്കാര്‍ അഭിമാനമായി കാണുന്ന ഒന്നാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നുണകളെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി കൂട്ടിവായിച്ചാല്‍ ജനങ്ങള്‍ പൊറുക്കില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Top