സെന്‍സര്‍ ബോര്‍ഡിനെ വിശ്വാസം; പഠാന്‍ സിനിമയോട് ഇനി ഒരു പ്രശ്നവും ഇല്ലെന്ന് ബജ്രംഗ്ദളും, വിഎച്ച്പിയും

ദില്ലി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദൾ. അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്.

“ബജ്രംഗ്ദൾ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു” – വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു.

ഈ മാസം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പഠാന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ചില വരികള്‍ ഉള്‍പ്പടെ 10 ലധികം മാറ്റങ്ങള്‍ പഠാന്‍ സിനിമയില്‍ നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാന്‍ സിനിമയുടെ ഭാഗമായി തുടരുമെന്ന് സിബിഎഫ്‌സി അറിയിച്ചു.

ബേഷാരം രംഗ് എന്ന ആദ്യ ഗാനം ഇറങ്ങിയതു മുതൽ ഷാരൂഖ് ഖാന്‍ ദീപിക പാദുകോണ്‍ എന്നിവര്‍ അഭിനയിച്ച പഠാന്‍ വാർത്തകളിൽ നിറഞ്ഞിരുന്നു. ഗാനത്തിലെ ദീപികയുടെ ഓറഞ്ച് ബിക്കിനിയിൽ എത്തിയതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് എത്തിയത്. ഗുജറാത്തില്‍ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും സിനിമയുടെ പോസ്റ്ററുകളും ബാനറുകളും കത്തിക്കുകയും ചെയ്തിരുന്നു.

അതേ സമയം ഈ ചിത്രം തീയറ്ററില്‍ കാണണോ, വേണ്ടയോ എന്നത് പ്രവര്‍ത്തകരുടെ ഇഷ്ടമാണെന്നും വിഎച്ച്പിയും ബജ്രംഗ്ദളും പറയുന്നുണ്ട്. സിനിമ എടുക്കുന്നവരും, തീയറ്ററുടമകളും ചലച്ചിത്രങ്ങളിലെ മത വികാരത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അതേ സമയം മധ്യപ്രദേശിലെ രത്‌ലാമിൽ ബജ്‌റംഗ് ദളിലെയും ഹിന്ദു ജാഗരൺ മഞ്ചിലെയും അംഗങ്ങൾ പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി. ഹിന്ദു സംഘടനകളും തിയേറ്റർ ഉടമകളും തമ്മിൽ നടത്തിയ ചർച്ച വിജയിച്ചില്ലെന്നും ഇതിനാല്‍ പഠാന്‍ സിനിമയെ എതിര്‍ക്കും എന്നാണ് ഈ സംഘടനകള്‍ പറയുന്നത്. മധ്യപ്രദേശിലെ ഷാജാപൂരിൽ വിഎച്ച്‌പിയും ബജ്‌രന്ദ് ദളും ആദ്യം സിനിമ കാണുമെന്നും അതിനുശേഷം മാത്രമേ പൊതുജനങ്ങളെ കാണാന് അനുവദിക്കൂ എന്ന് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഉത്തർപ്രദേശിലെ ആഗ്രയിൽ അഖില ഭാരത ഹിന്ദു മഹാസഭ പഠാന്‍ സിനിമയ്ക്കെതിരെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഒരു തീയറ്ററിലും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.

Top