തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു.

പുറത്തിങ്ങാനാവാതെ വന്നപ്പോള്‍ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി വിട്ടുതരണമെന്ന് തൃപ്തി ദേശായി പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ഇതിന് ശ്രമിച്ചെങ്കിലും ഡ്രൈവര്‍മാര്‍ തയ്യാറായില്ല.

പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 4.45ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു.

വിമാനത്താവളത്തില്‍ തൃപ്തിയും സംഘവും എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു. ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് പേര്‍ പ്രതിഷേധിക്കുകയാണ്.

Top