തൃപ്തിയെ ‘തൃപ്തി’യാക്കാനല്ല പൊലീസ്, സംഘർഷമുണ്ടാക്കാൻ വന്നാൽ ‘പണി പാളും’

സുപ്രീം കോടതി വിധിയില്‍ ‘തൃപ്തി’ വരാതെ പുതിയ പോര്‍മുഖം തുറന്ന് തൃപ്തി ദേശായി. നവംബര്‍ 20ന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഈ യുവതിയുടെ മുന്നറിയിപ്പ് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ തവണ പൊലീസ് അകമ്പടിയോടെ ദര്‍ശനം നടത്തിയ കനക ദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും ദര്‍ശനം ഇത്തവണയും നടത്തുമെന്ന സൂചനയും നല്‍കിക്കഴിഞ്ഞു. നിരവധി യുവതികള്‍ ഇതിനകം തന്നെ ദര്‍ശനത്തിനായി ഓണ്‍ലൈനായും ബുക്ക് ചെയതിട്ടുണ്ട്.

യുവതീ പ്രവേശന കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ടതൊന്നും ഇവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. ശബരിമലയില്‍ പോലും ‘സാഹസികത’ ഇഷ്ടപ്പെടുന്ന ആക്ടീവിസ്റ്റുകളുടെ ഇത്തരം നിലപാടുകള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. രഹന ഫാത്തിമ കൂടി വീണ്ടുമെത്തുമോ എന്നത് മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.

പുണ്യ പൂങ്കാവനത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ആര് തന്നെ ശ്രമിച്ചാലും സര്‍ക്കാര്‍ അതിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ശബരിമല ഇന്നൊരു സെന്‍സറ്റീവ് സ്ഥലമാണ്.ഒരു വിഭാഗം അങ്ങനെ ആക്കി മാറ്റി എന്ന് പറയുന്നതാവും ശരി. കഴിഞ്ഞ സീസണില്‍ ഈ പ്രദേശത്ത് നടന്ന ആക്രമണങ്ങളും പ്രതിഷേധങ്ങളും ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

പരമോന്നത കോടതി തന്നെ വിഷയം പുതിയ ബഞ്ചിലേക്ക് വിട്ടത് മുഖവിലക്കെടുക്കാതെ എത്തുന്നവരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാറിനുമില്ല.

ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു സാധ്യത ഉണ്ടായിരുന്നു എങ്കില്‍ സുപ്രീം കോടതി തന്നെ പുന:പരിശോധനാ ഹര്‍ജി തള്ളുമായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല. ഇതില്‍ നിന്നു തന്നെ കാര്യങ്ങളും വ്യക്തമാണ്.

1965 ലെ കേരള പൊതു ആരാധന സ്ഥല ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനും ബാധകമാണോ എന്നതാണ് ഇനി അറിയാനുള്ളത്.
ഏഴംഗ ബഞ്ച് പരിശോധിക്കാന്‍ കഴിഞ്ഞ ദിവസത്തെ ഭൂരിപക്ഷ വിധിയില്‍ മുന്നോട്ടുവച്ച ഈ ചോദ്യം യുവതീപ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിയുടെയും അത് അനുവദിച്ച വിധിയുടെയും മര്‍മത്തില്‍ കുത്തുന്നതാണ്. ഈ ചട്ടത്തിലെ 3(ബി) വകുപ്പിലൂടെയാണ് യുവതീപ്രവേശനം തടഞ്ഞിരുന്നത്. ആരാധന സ്ഥലങ്ങളുടെ പ്രവേശനാനുമതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ ചട്ടങ്ങള്‍. നിയമവും ചട്ടവും തമ്മില്‍ പൊരുത്തമില്ലെന്നും ചട്ടത്തിലൂടെയുള്ള മൗലികാവകാശ ലംഘനം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ നിലപാടാണു സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശരിവെച്ചിരുന്നത്.

ഹൈക്കോടതിയും സുപ്രീം കോടതിയും ശബരിമല വിഷയം പരിശോധിച്ചത് 1965 ലെ നിയമത്തിന്റെയും ചട്ടത്തിന്റെയും പശ്ചാത്തലത്തിലാണ്. എന്നാല്‍, ഇപ്പോള്‍ കോടതി ചോദിക്കുന്നത് ഈ ചട്ടം ശബരിമലയ്ക്കും ബാധകമാണോയെന്നതാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഭൂരിപക്ഷ വിധിയെഴുതിയ 4 ജഡ്ജിമാര്‍ മാത്രമല്ല, വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഈ ചട്ടം ശബരിമലയ്ക്കു ബാധകമാണോയെന്ന സംശയമുന്നയിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ചോദ്യമുന്നയിച്ച ഭൂരിപക്ഷ ബഞ്ചില്‍ ജസ്റ്റിസ് ഇന്ദുവും ഉള്‍പ്പെടുന്നുണ്ട്. 1965ലെ നിയമത്തെയും ചട്ടത്തെയും കുറിച്ചു വിശദമായ ചര്‍ച്ചയാണു കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷ വിധിയിലുണ്ടായിരുന്നത്.

‘ഭരണഘടനാ ധാര്‍മികത’, ധാര്‍മികത എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെടുത്തി മൊത്തത്തിലുള്ള ധാര്‍മികതയാണോ അതെന്നും, അതോ മത വിശ്വാസം സംബന്ധിച്ചതു മാത്രമാണോ എന്നതും വ്യക്തമല്ല. ഇതാണ് ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന മറ്റൊരു പ്രധാന ചോദ്യം.

കൂടുതല്‍ പരിശോധന സുപ്രീം കോടതിക്ക് തന്നെ ബോധ്യപ്പെട്ടത് കൊണ്ടാണ് ഉയര്‍ന്ന ബഞ്ചിലേക്ക് കേസിപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തൃപ്തിയില്ലാത്ത തൃപ്തി ദേശായിമാരെ യഥാര്‍ത്ഥ ഭക്തരായി ഒരിക്കലും കാണാന്‍ കഴിയുകയില്ല. ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് വാശി പിടിക്കുന്ന ആക്ടീവിസ്റ്റുകള്‍ ഭക്തരായ യുവതികളുടെ കൂടി വികാരത്തെയാണ് നിഷേധിക്കുന്നത്.

ആചാരലംഘനം എന്നത് ബഹു ഭൂരിപക്ഷം വരുന്ന സ്ത്രീകളും ആഗ്രഹിക്കാത്ത കാര്യമാണ്. കാലം മാറുന്നതിന് അനുസരിച്ച് എല്ലാം മാറണമെന്ന് ശഠിക്കുന്നവര്‍ വിശ്വസത്തെ തന്നെയാണ് ഹനിക്കാന്‍ ശ്രമിക്കുന്നത്.

ദൈവം ഉണ്ടെന്നത് പോലും ഒരു വിശ്വാസം മാത്രമാണ്. ആ വിശ്വാസം തന്നെയാണ് പരമ്പരാഗത ആചാരം തുടരാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതും. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെ തന്നെയാണ് നിഷേധിക്കുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമാണ് ശബരിമലയില്‍ യുവതികള്‍ കയറരുത് എന്നത്. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠ ആയതിനാലാണ് ഇത്തരമൊരു നിയന്ത്രണമുള്ളത്.

കോടിക്കണക്കിന് വരുന്ന ഹൈന്ദവ സ്ത്രീകള്‍ സ്വമേധയാ പാലിക്കുന്ന ഈ ആചാരത്തെ തകര്‍ക്കാനാണ് ഏതാനും ചിലര്‍ ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തൃപ്തി ദേശായിമാരുടെ പുതിയ നീക്കവും അതാണ് സൂചിപ്പിക്കുന്നത്.

ഇവരെ തടയുന്നതിനായി ശബരിമല കര്‍മസമിതിയും ഇപ്പോള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മണ്ഡല- മകരവിളക്ക് ഉത്സവകാലത്ത് ഇരുമുടിക്കെട്ടുമായി എത്താനാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് വീണ്ടും വലിയ സംഘര്‍ഷ സാധ്യതയിലേക്കാണ് ശബരിമലയെ കൊണ്ടു പോകുക.

യുവതികള്‍ ദര്‍ശനത്തിന് വന്നാല്‍ ഭക്തരുടെ പ്രതിഷേധം സ്വാഭാവികമായും ഉയരാന്‍ സാധ്യത ഉണ്ട്. കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഇല്ലങ്കില്‍ പോലും അതിനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഇവിടെ ജാഗ്രത പാലിക്കേണ്ടത് പൊലീസാണ്.കഴിഞ്ഞ തവണയുണ്ടായ സംഘര്‍ഷം ഇത്തവണ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.

സുപ്രീം കോടതിയുടെയും സര്‍ക്കാറിന്റെയും പുതിയ തീരുമാനം പൊലീസിനെ സംബന്ധിച്ചും ആത്മവിശ്വാസം നല്‍കുന്നതാണ്. ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ലന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ ഭക്തരെ സംബന്ധിച്ച് ആശ്വാസം പകരുന്ന നിലപാടാണിത്.

ഏഴംഗ ഭരണഘടനാ ബഞ്ച് യുവതീ പ്രവേശന വിഷയത്തില്‍ അന്തിമ വിധി പറയും വരെ ആക്ടീ വിസ്റ്റുകളും ഇനി സാഹസികത വെടിയുകയാണ് വേണ്ടത്. തൃപ്തി ദേശായിക്ക് ‘തൃപ്തി’ കൊടുക്കാതെ തിരിച്ചയക്കേണ്ടതിപ്പോള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് കൂടി അനിവാര്യമായിരിക്കുകയാണ്.

Express View

Top