‘ഇപ്പോള്‍ മടങ്ങുന്നു’ , ശബരിമല ദര്‍ശനത്തിനായി തിരിച്ചുവരുമെന്ന് തൃപ്തി ദേശായി

കൊച്ചി : സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങി.

സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് മടങ്ങുന്നതെന്നും വീണ്ടും ശബരിമല ദര്‍ശനത്തിന് തിരിച്ചെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ‘ശബരിമലയിൽ വരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. എട്ട് മണിക്കൂർ കാത്ത് നിന്നിട്ടും സുരക്ഷ ഒരുക്കിയില്ല. പൊലീസ് ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്’, ഭരണഘടനാ ദിനം ആയതിനാലാണ് ഇന്ന് വരാൻ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

10.40 നുള്ള വിമാനത്തിൽ സംഘം മടങ്ങും. ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി വിമാനത്താവളത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.

രാവിലെ ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചതിനെ തുടർന്ന് നേരത്തെ മടങ്ങിപ്പോകാമെന്നു തൃപ്തി ദേശായി നിലപാട് എടുത്തിരുന്നു. രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങുമെന്ന് അറിയച്ചതിനെ തുടർന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

എന്നാൽ വൈകിട്ടോടെ ശബരിമലയിൽ സന്ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പിന്നീട് പൊലീസുമായി നടത്തി അവസാനവട്ട ചർച്ചയിലാണ് മടങ്ങിപോകാൻ തീരുമാനിച്ചത്.

Top