സുരക്ഷ നല്‍കില്ലെന്ന് പൊലീസ്; ശബരിമലയില്‍ പോകുമെന്ന് ഉറച്ച് തൃപ്തിയും സംഘവും

thripthy-desaii

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തിയ്ക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പൊലീസ്. യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിധിയില്‍ അവ്യക്തത ഉള്ളതിനാല്‍ പൊലീസിന്റെ ഈ നടപടി. എന്നാല്‍ പൊലീസ് സുരക്ഷ ഇല്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന നിലപാടിലാണ് തൃപ്തി ദേശായിയും സംഘവും.

പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തിരികെ പൂണെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചുണ്ട്.

അതിനിടെ തൃപ്തിയുടേയും സംഘത്തിന്റെയും ഒപ്പം ശബരിമല സന്ദര്‍ശനത്തിന് ചേര്‍ന്ന ബിന്ദുഅമ്മിണിയെ കൊച്ചിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍ മുളക് പൊടി സ്‌പ്രേ ചെയ്തു. കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വച്ചാണ് സംഭവം. മുളക് പൊടി സ്‌പ്രേ ആക്രമണം നടത്തിയഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.

അതിനിടെ തൃപ്തി ദേശായിയും സംഘവും വന്ന വിവരം അറിഞ്ഞ് കമ്മീഷണര്‍ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം റവന്യു ടവറിലെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. എല്ലാവരും ശരണം വിളിച്ചാണ് പ്രതിഷേധിക്കുന്നത്. വിവരമറിഞ്ഞ് അതിരാവിലെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇവിടെ എത്തിയത്. എന്നാല്‍ ഇവര്‍ വിളിച്ചറിയിച്ചത് അനുസരിച്ച് ഇപ്പോള്‍ കൂടുതല്‍ പേര്‍ ഇവിടെ പ്രതിഷേധിക്കുന്നുണ്ട്.

അതേസമയം സാഹചര്യം വിലയിരുത്താന്‍ കൊച്ചി സിറ്റി പൊലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. ഐജി വിജയ് സാഖറെ സ്ഥലത്തില്ലാത്തതിനാലാണ് ഫിലിപ്പ് യോഗം വിളിച്ചത്. എസിപിമാരും സിഐമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം പ്രതിഷേധക്കാരുടെ നേതാക്കളുമായി ചര്‍ച്ച നടന്നേക്കും.

Top