രാസായുധ ആക്രമണം; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി

donald trump

വാഷിങ്ടണ്‍: റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയയ്ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരായ 60 പേരെയാണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്. റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കി. റഷ്യയെ പ്രതിരോധത്തിലാക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംയുക്ത നീക്കമാണ് നടത്തുന്നതെന്നാണ് സൂചന.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സംരക്ഷണം ദുരുപയോഗപ്പെടുത്തി അമേരിക്കയില്‍ ചാരപ്രവര്‍ത്തനമാണ് 60 റഷ്യന്‍ ഉദ്യോഗസ്ഥര്‍ നടത്തിവന്നതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് പുറത്താക്കലിലൂടെ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏഴ് ദിവസത്തിനകം അമേരിക്ക വിടാന്‍ പുറത്താക്കപ്പെട്ട നിയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാരവൃത്തി സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് അമേരിക്കന്‍ നാവികസേനാ താവളത്തിന് തൊട്ടടുത്ത പ്രവര്‍ത്തിക്കുന്ന സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും മോസ്‌കോയ്ക്കും എതിരെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ നടപടിയാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതിനിടെ, 14 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ 30 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ നേരത്തെതന്നെ പുറത്താക്കിയിരുന്നു. ചാരവൃത്തി ആരോപിച്ച് ബ്രിട്ടീഷ് നയന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കി.

Top